അഫ്ഗാനിസ്താനെതിരായ രണ്ടാം ട്വന്‍റി20യിലും ആറു വിക്കറ്റിന് ജയിച്ച ഇന്ത്യ, ഒരു മത്സരം ബാക്കി നിൽക്കെ തന്നെ പരമ്പര സ്വന്തമാക്കി. ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെയും ശിവം ദുബെയുടെയും അർധ സെഞ്ച്വറി വെടിക്കെട്ടാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.
ആദ്യ മത്സരത്തിലും ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 34 പന്തിൽ 68 റൺസെടുത്ത ജയ്സ്വാൾ പുറത്തായത്. 27 പന്തിലാണ് താരം അർധ സെഞ്ച്വറി കുറിച്ചത്. 32 പന്തിൽ 63 റൺസെടുത്ത് ദുബെ പുറത്താകാതെ നിന്നു. ഒന്നാം മത്സരത്തിലും താരം അർധ സെഞ്ച്വറി നേടിയിരുന്നു. എന്നാൽ, ദുബെ ഇന്ത്യയുടെ വിജയ റൺ നേടിയതിനു പിന്നാലെ ഇന്ദോർ ഹോൽകർ സ്റ്റേഡിയത്തിലെ ഡഗ് ഔട്ടിലിരുന്ന് പൊട്ടിച്ചിരിക്കുന്ന സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയുടെയും ശുഭ്മൻ ഗില്ലിന്‍റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
16ാമത്തെ ഓവറിലെ നാലാമത്തെ പന്തിൽ ലഗ് ബൈയിലൂടെയാണ് ദുബെ ഇന്ത്യയുടെ വിജയറൺ നേടുന്നത്. തൊട്ടുപിന്നാലെ കാമറയുടെ ഫോക്കസ് ഇന്ത്യൻ താരങ്ങൾ ഇരുന്ന ഡഗ് ഔട്ടിലേക്ക് തിരിഞ്ഞു. കോഹ്ലിയും ഗില്ലും അർഷ്ദീപ് സിങ്ങിനൊപ്പം ചേർന്ന് എന്തോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതാണ് കാമറയിൽ തെളിഞ്ഞത്.
ചിരിയടക്കാൻ പാടുപെടുന്ന കോഹ്ലി മുഖം മറച്ചുപിടിക്കുന്നതും വിഡിയോയിൽ കാണാം. സമൂഹമാധ്യമങ്ങളിൽ രസകരമായ കമന്‍റുകളുമായാണ് ആരാധകർ ഇതിനോട് പ്രതികരിച്ചത്. ദുബെ മത്സരം എങ്ങനെ ഫിനിഷ് ചെയ്യുമെന്നതിൽ കോഹ്ലിയും ഗില്ലും പന്തയം വെച്ചിട്ടുണ്ടാകുമെന്നാണ് പലരും പ്രതികരിച്ചത്. ബൗണ്ടറിയോ, സിക്സോ അടിച്ച് മത്സരം പൂർത്തിയാക്കുമെന്നായിരിക്കും ഇരുവരും വിചാരിച്ചിട്ടുണ്ടാകുകയെന്നും പലരും കമന്‍റിൽ പറയുന്നുണ്ട്.
രണ്ടാം മത്സരത്തിലും നായകൻ രോഹിത് ശർമ ആരാധകരെ നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ഫസൽഹഖ് ഫാറൂഖിയുടെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. ആദ്യ മത്സരത്തിലും താരം പൂജ്യത്തിനാണ് പുറത്തായത്. ഇടവേളക്കുശേഷം ട്വന്‍റി20 ടീമിലെത്തിയ കോഹ്ലി 16 പന്തിൽ 29 റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.