റെക്കോഡ് തേടിയിറങ്ങിയ മത്സരത്തിൽ കോഹ്ലി ഗോൾഡൻ ഡക്ക്, ട്വന്‍റി20യിൽ ആദ്യം; നാണക്കേടിന്‍റെ റെക്കോഡിൽ സചിനെ മറികടന്നു

ബംഗളൂരു: ട്വന്‍റി20 ക്രിക്കറ്റിൽ പുതിയൊരു റെക്കോഡ് തേടിയിറങ്ങിയ ഇന്ത്യയുടെ സൂപ്പർബാറ്റർ വിരാട് കോഹ്ലി അഫ്ഗാനിസ്താനെതിരായ മൂന്നാം മത്സരത്തിൽ ഗോൾഡൻ ഡക്ക്. താരം ട്വന്‍റി20 ക്രിക്കറ്റിൽ ആദ്യമായാണ് നേരിട്ട ആദ്യ പന്തിൽതന്നെ പുറത്താകുന്നത്.

ഫരീദ് അഹ്മദ് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്തിൽ ഇബ്രാഹിം സദ്രാന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. ആറു റൺസ് കൂടി നേടിയിരുന്നെങ്കിൽ ട്വന്‍റി20 ഫോർമാറ്റിൽ (ട്വന്‍റി20 അന്താരാഷ്ട്ര മത്സരങ്ങൾ+ലിസ്റ്റ് എ മത്സരങ്ങൾ) കോഹ്ലി 12,000 റൺസ് പൂർത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമാകുമായിരുന്നു.

നിലവിൽ 376 മത്സരങ്ങളിൽനിന്നായി 11,994 റൺസാണ് താരത്തിന്‍റെ പേരിലുള്ളത്. ട്വന്‍റി20 ഫോർമാറ്റിൽ റൺവേട്ടക്കാരനിൽ നാലാമനാണ്. വെസ്റ്റീൻഡീസ് മുൻ വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയിലാണ് ഒന്നാമതുള്ളത്. 463 ട്വന്‍റി20 മത്സരങ്ങളിൽനിന്നായി 14,562 റൺസ്. ശുഐബ് മാലിക് (525 മത്സരങ്ങളിൽനിന്ന് 12,993 റൺസ്), കീരൺ പൊള്ളാർഡ് (639 മത്സരങ്ങളിൽനിന്ന് 12,430 റൺസ്) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ഐ.പി.എല്ലിൽ സ്വന്തം ടീമായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്‍റെ ഹോം ഗ്രൗണ്ടിൽതന്നെ പ്രിയതാരം ഗോൾഡൻ ഡക്കായി പുറത്തായത് ആരാധകരെ നിരാശരാക്കി. എന്നാൽ, മത്സരത്തിൽ മറ്റൊരു നാണക്കേടിന്‍റെ റെക്കോഡ് താരത്തെ തേടിയെത്തി. കരിയറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 35ാം തവണയാണ് താരം ഡക്കാകുന്നത്. ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ 34 തവണ അന്താരാഷ്ട്ര ക്രിക്കറ്റിൽ പൂജ്യത്തിന് പുറത്തായിട്ടുണ്ട്.

ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ താരം മുൻ പേസർ സഹീർ ഖാനാണ്. 44 തവണ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ശ്രീലങ്കയുടെ മുൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനും (59 തവണ).

Tags:    
News Summary - Virat Kohli’s 12k dream turns into nightmare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.