ഏഷ്യ കപ്പിൽ ഫൈനൽ കാണാതെ പുറത്തായ ഇന്ത്യൻ ടീം നേരിടുന്ന പ്രധാന പ്രശ്നം ചൂണ്ടിക്കാട്ടി രംഗത്തുവന്നിരിക്കുകയാണ് മുൻതാരം വിരേന്ദർ സെവാഗ്.
ദേശീയ ടീമിനെ നിരന്തരം അലട്ടുന്ന താരങ്ങളുടെ പരിക്ക് ഗൗവരമായി കാണണമെന്ന് സെവാഗ് മുന്നറിയിപ്പ് നൽകുന്നു. മത്സരത്തിനിടെയല്ല താരങ്ങൾക്ക് പരിക്കേൽക്കുന്നത്. അതുകൊണ്ടുതന്നെ താരങ്ങളുടെ പരിക്ക് ആശങ്കപ്പെടുത്തുന്നതാണ്. രവീന്ദ്ര ജദേജക്ക് പരിക്കേറ്റത് ഗ്രൗണ്ടിൽനിന്നല്ലെന്ന് ഇതിന് ഉദാഹരണമാണ്. അതിനർഥം, പുറത്തോ, ജിമ്മിലോ എന്തോ കുഴപ്പമുണ്ടെന്നും മുൻ ഓപ്പണർ അവകാശപ്പെടുന്നു.
'ക്രിക്കറ്റ് മൈതാനത്ത് സംഭവിക്കാത്ത പരിക്കുകളാണ് ഇന്ത്യയുടെ പ്രശ്‌നങ്ങൾ. ആരും അത് അഭിസംബോധന ചെയ്യുന്നില്ല. ബൗൾ ചെയ്യുന്നതിനിടെയാണ് ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റത്. എന്നാൽ, ഭൂരിപക്ഷം കളിക്കാർക്കും ജിമ്മിൽ വെച്ചോ, മത്സരത്തിന് പുറത്തോ ആണ് പരിക്കേൽക്കുന്നത്. ക്രിക്കറ്റ് മൈതാനത്ത് ജദേജക്ക് പരിക്കേറ്റത് നമ്മൾ കണ്ടിട്ടില്ല. മത്സരത്തിന് ശേഷമാണ് അദ്ദേഹത്തിന് പരിക്കുണ്ടെന്ന് കാര്യം നമ്മൾ അറിയുന്നത്. അതിനർഥം, പുറത്ത് അല്ലെങ്കിൽ ജിമ്മിൽ നടക്കുന്ന കാര്യങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്' -സെവാഗ് പറഞ്ഞു.
കഴിവുകൾ പ്രധാനമാണ്. നിങ്ങൾ ഇന്ത്യൻ ടീമിൽ ഒരു പരമ്പര കളിക്കുകയാണെങ്കിൽ ജിമ്മിന് അത്ര പ്രധാന്യമില്ല, കഴിവിനാണ് മുൻഗണന. നിങ്ങൾക്ക് രണ്ട് മാസത്തെ ഇടവേളയുണ്ടെങ്കിൽ, ഫിറ്റ്നസ് പ്രധാനമാണെന്നും താരം കൂട്ടിച്ചേർത്തു. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറെയാണ് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹം സ്ഥിരമായി 6-8 കിലോഗ്രാം ഭാരമാണ് ഉയർത്തിയിരുന്നത്. എന്നാൽ, വിരാട് കോഹ്ലി ഉൾപ്പെടെയുള്ള താരങ്ങൾ 50-60 കിലോ ഗ്രാം ഉയർത്തുന്ന വിഡിയോയാണ് പങ്കുവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.