ഇന്ത്യയുടെ ഒരു കാലത്തെ വെടിക്കെട്ട് ബാറ്ററായിരുന്നു വീരേന്ദർ സെവാഗ്. ടെസ്റ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ (319) സാക്ഷാൽ സെവാഗിന്റെ പേരിലാണ്. 149 പന്തുകളിൽ നേടിയ 219 റൺസാണ് താരത്തിന്റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ. ഓപണറായി കയറി ആദ്യ പന്തിൽ തന്നെ സിക്സറടിച്ച് ആരാധകരെ ആവേശം കൊള്ളിക്കുന്ന വീരുവിന്റെ ബാറ്റിങ് ശൈലിക്ക് വേറെ തന്നെ ഫാൻബേസുണ്ട്.
എന്നാലിപ്പോൾ, ഇന്ത്യയുടെ യുവതാരങ്ങൾക്കൊപ്പമുള്ള തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സെവാഗ്. പൃഥ്വി ഷായ്ക്കും ശുഭ്മാൻ ഗില്ലിനുമൊപ്പമുള്ള ഒരു പരസ്യ ചിത്രീകരണമാണ് താരം ഓർത്തെടുത്തത്. ഷൂട്ടിങ്ങിന്റെ ഭാഗമായി ഗില്ലിനും ഷായ്‌ക്കുമൊപ്പം താൻ 6 മണിക്കൂറോളം ചെലവഴിച്ചുവെന്നും, എന്നാൽ താനുമായുള്ള ആശയവിനിമയത്തിനിടെ ക്രിക്കറ്റിനെക്കുറിച്ച് ഒരു വാക്ക് പോലും ഇരുവരും സംസാരിച്ചില്ലെന്നും സെവാഗ് വെളിപ്പെടുത്തി. ‘‘നിങ്ങൾക്ക് ആരോടെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ നിങ്ങൾ അയാളെ സമീപിക്കുക തന്നെ വേണം’ -സെവാഗ് പറഞ്ഞു. ഇപ്പോഴത്തെ ഭൂരിഭാഗം യുവാക്കളും മുതിർന്ന ക്രിക്കറ്റ് കളിക്കാരിൽ നിന്ന് സാങ്കേതിക വിവരങ്ങൾ തേടുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ വീരു നിരാശ പ്രകടിപ്പിച്ചു.
പുതിയ തലമുറയിലെ ഭൂരിഭാഗം പേരും തങ്ങളുടെ കരിയറിലെ മോശം സമയങ്ങളിൽ പോലും ഇൻപുട്ടുകൾക്കായി മുതിർന്ന ക്രിക്കറ്റ് താരങ്ങളെ സമീപിക്കാൻ മടിക്കുന്നതിൽ സുനിൽ ഗവാസ്‌കർ ഉൾപ്പെടെയുള്ള ചില മുൻ ക്രിക്കറ്റ് താരങ്ങൾ, നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി സമയത്ത് പോലും, ആസ്‌ട്രേലിയൻ ടെസ്റ്റ് ടീം ഇന്ത്യയിലെ കമന്ററി ടീമിന്റെ ഭാഗമായിരുന്ന ഇതിഹാസ താരം മാത്യു ഹെയ്ഡനിൽ നിന്ന് സഹായം തേടാതിരുന്നത് ഏറെ വിമർശിക്കപ്പെട്ടിരുന്നു.
ഒരു മുതിർന്ന ക്രിക്കറ്റ് താരം ജൂനിയറായ ഒരാളെ സഹായിക്കാൻ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ല, എങ്കിലും തന്റെ അന്താരാഷ്ട്ര കരിയറിന്റെ ആദ്യ ഘട്ടങ്ങളിൽ സുനിൽ ഗവാസ്‌കറുമായി കൂടിക്കാഴ്ച നടത്താനും ആ ഇതിഹാസ താരത്തിൽ നിന്ന് ഇൻപുട്ടുകൾ തേടാനും താൻ ശ്രമിച്ചത് എങ്ങനെയെന്ന് സെവാഗ് വിവരിച്ചു.
സുനിൽ ഗവാസ്‌കറുമായി ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കാൻ സഹായിക്കുന്നതിനായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് ജോൺ റൈറ്റിനെ സമീപിച്ചതും മീറ്റിംഗിൽ നിന്ന് പഠിച്ച പാഠങ്ങൾ തന്നെയും അന്നത്തെ ഓപ്പണിംഗ് പങ്കാളിയായ ആകാശ് ചോപ്രയെയും സഹായിച്ചതെങ്ങനെയെന്ന് സെവാഗ് അനുസ്മരിച്ചു.
"ഞാൻ ടീമിൽ പുതിയ ആളായിരുന്നപ്പോൾ, എനിക്ക് സണ്ണി ഭായിയോട് (ഗവാസ്‌കർ) സംസാരിക്കാൻ ആഗ്രഹമുണ്ടായിരുന്നു, അതുകൊണ്ട് ഞാൻ ജോൺ റൈറ്റിനോട് പറഞ്ഞു, 'ഞാനൊരു പുതിയ കളിക്കാരനാണ്, സണ്ണി ഭായ് എന്നെ കാണാൻ തയ്യാറാകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല', എങ്കിലും നിങ്ങൾ അദ്ദേഹത്തെ കാണാൻ എന്നെ സഹായിക്കണം.
" 2003-04 ൽ റൈറ്റ് എനിക്കായി ഒരു ഡിന്നർ സംഘടിപ്പിച്ചു, ബാറ്റിങ്ങിനെക്കുറിച്ച് സംസാരിക്കാൻ എന്റെ പാർട്ണറായ ആകാശ് ചോപ്രയും വരുമെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം വന്ന് ഞങ്ങളോടൊപ്പം അത്താഴം കഴിച്ചു. നിങ്ങൾ തന്നെ ഇതിന് വേണ്ടിയുള്ള ശ്രമം നടത്തണം. സെവാഗുമായോ ചോപ്രയുമായോ സംസാരിക്കാൻ സുനിൽ ഗവാസ്‌കർ ശ്രമിക്കില്ല, നിങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിക്കണം," -സെവാഗ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.