ന്യൂ ഡൽഹി: ട്വന്റി20 ലോകകപ്പിൽ ആദ്യ രണ്ടു കളികൾ ജയിച്ച ആലസ്യവുമായി ഇറങ്ങിയ ടീം ഇന്ത്യ പ്രോട്ടീസിനെതിരെ അഞ്ചു വിക്കറ്റ് തോൽവി ചോദിച്ചുവാങ്ങിയിരുന്നു. ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നതിന് പകരം അമ്പേ നിലംപരിശായതായിരുന്നു തോൽവിയിലേക്ക് ടീമിനെ തള്ളിവിട്ടത്. മുൻനിര എളുപ്പം വീണുപോയ ഇന്നിങ്സിൽ പ്രതീക്ഷ നൽകുമെന്ന് കരുതിയ ദിനേശ് കാർത്തിക് പതിവുപോലെ ഞായറാഴ്ചയും ദയനീയ പ്രകടനവുമായി നിറംകെട്ടു. 15 പന്തിൽ ആറു റൺസെടുത്ത് താരം കൂടാരം കയറി. ഇതിനെ പരിഹസിച്ചാണ് പ്രമുഖർ രംഗത്തെത്തിയത്. ബാറ്റിങ്ങിന് കരുത്തുപകരാൻ ഋഷഭ് പന്ത് ആദ്യ കളി മുതൽ വേണ്ടിയിരുന്നുവെന്നും ആസ്ട്രേലിയയിലെ ബൗൺസുള്ള പിച്ചുകളിൽ മറ്റു പലരും പരാജയമാകുമ്പോഴും പന്ത് പിടിച്ചുനിൽക്കുമായിരുന്നുവെന്നും മുൻ ദേശീയ താരം സെവാഗ് പറഞ്ഞു.
''ആദ്യ നാൾ മുതൽ അതാണ് വേണ്ടിയിരുന്നത്. അവിടെ ടെസ്റ്റുകളും ഏകദിനങ്ങളും കളിച്ചയാളാണ് പന്ത്. ഈ സാഹചര്യങ്ങളിൽ എങ്ങനെ ബാറ്റുചെയ്യണമെന്ന് താരത്തിനറിയാം. അതേ സമയം, ദിനേശ് കാർത്തിക് എന്നാണ് അവസാനമായി ആസ്ട്രേലിയയിൽ കളിച്ചത്? ഇതുപോലെ ബൗൺസുള്ള പിച്ചുകളിൽ എന്നാണ് കളിച്ചിട്ടുള്ളത്? ഇത് ഒരു ബംഗളൂരു വിക്കറ്റല്ല''- സെവാഗ് പറഞ്ഞു.
സെവാഗിനു പിന്നാലെ ഗൗതം ഗംഭീറും ദിനേശ് കാർത്തികിനെതിരെ എത്തിയിട്ടുണ്ട്. പ്രതിസന്ധി സമയങ്ങളിൽ എങ്ങനെ ബാറ്റു ചെയ്യണമെന്ന കൃത്യമായ ബോധ്യം താരം പ്രകടിപ്പിക്കേണ്ടിയിരുന്നുവെന്നും പെർത്തിൽ അതു കണ്ടില്ലെന്നും ഗംഭീർ കുറ്റപ്പെടുത്തി. ലുംഗി എംഗിഡി പന്തുമായി കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്ത കളിയിൽ രോഹിത്, കെ.എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവരെല്ലാം ദയനീയ പ്രകടനവുമായി മടങ്ങി. സൂര്യകുമാർ മാത്രമായിരുന്നു ഇന്ത്യൻ ഇന്നിങ്സിനെ നൂറുകടത്തി മുന്നിൽനിന്നു നയിച്ചത്. ഹാർദിക് പാണ്ഡ്യ ഒമ്പതാം ഓവറിൽ രണ്ടു റണ്ണുമായി തിരിച്ചുനടന്നപ്പോൾ ആറാമനായി എത്തിയ ദീപക് ഹൂഡ സംപൂജ്യനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.