മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ ഉൾപ്പെട്ട സെൽഫി തർക്കത്തിൽ പുതിയ വഴിത്തിരിവ്. യുവ ക്രിക്കറ്റ് താരത്തിനെതിരെയും സുഹൃത്തുക്കൾക്കെതിരെയും കേസിൽ ഉൾപ്പെട്ട യുവതി പരാതിയുമായി രംഗത്തെത്തി. പൃഥ്വി ഷായും സുഹൃത്തുക്കളും തന്നെ കായികമായി മർദിച്ചതായി യുവതി പറയുന്നു.
രണ്ടാം തവണ സെൽഫി എടുക്കാൻ വിസമ്മതിച്ചതിന്‍റെ ദേഷ്യത്തിൽ ആരാധകർ താരത്തിന്‍റെ സുഹൃത്തിന്‍റെ കാർ അടിച്ചു തകർത്തെന്ന തരത്തിലായിരുന്നു ആദ്യം വാർത്തകൾ പുറത്തുവന്നത്. മുംബൈയിലെ സഹാറ സ്റ്റാർ ഹോട്ടലിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
സംഘത്തിൽപെട്ട സന എന്ന സപ്ന ഗില്ലാണ് ഇപ്പോൾ താരവും സഹൃത്തുക്കളും തന്നെ മർദിച്ചെന്ന് പരാതി ഉന്നയിച്ചിരിക്കുന്നത്. പൃഥ്വി ഷായും സുഹൃത്തുക്കളും മർദിച്ചെന്നും ഇവരുടെ കൈയിൽ വടിയുണ്ടായിരുന്നെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തിന്‍റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
പൃഥ്വിയാണ് സപ്നയെ മർദിച്ചതെന്ന് അവരുടെ അഭിഭാഷകൻ അലി കാഷിഫ് പറഞ്ഞു. ‘ഈസമയം പൃഥ്വിയുടെ കൈയിൽ ഒരു വടി ഉണ്ടായിരുന്നു. പൃഥ്വിയുടെ സുഹൃത്തുക്കളാണ് സംഘത്തെ ആദ്യം മർദിച്ചത്. സപ്ന ഇപ്പോൾ ഒഷിവാര പൊലീസ് സ്റ്റേഷനിലാണ്. വൈദ്യ പരിശോധനക്ക് പോകാൻ പൊലീസ് അവരെ അനുവദിക്കുന്നില്ല’ -അലി കാഷിഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹോട്ടലിലെത്തിയ താരത്തിനൊപ്പം സെൽഫി എടുക്കാൻ ഒരു സംഘം താൽപര്യം പ്രകടിപ്പിച്ചിരുന്നു. താരം ഫോട്ടോ എടുക്കാൻ നിന്നുകൊടുക്കുകയും ചെയ്തു. എന്നാൽ, ഇതിനുശേഷവും സംഘം മറ്റൊരു സെൽഫി ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് പൃഥ്വി ഷാ കൂട്ടാക്കിയില്ല. ഇതോടെ സംഘം താരത്തിനെതിരെ തിരിഞ്ഞെന്നായിരുന്നു പൃഥ്വി ഷായുടെ സുഹൃത്ത് പൊലീസിൽ നൽകിയ പരാതി.
തുടർന്ന് ഇവരെ ഹോട്ടലിൽനിന്ന് ജീവനക്കാർ പുറത്താക്കി. എന്നാൽ, സംഘം മടങ്ങിപോകാതെ ഹോട്ടലിനു പുറത്തു കാത്തുനിന്നു. ഇതിനിടെ ഹോട്ടലിൽനിന്ന് കാറിൽ പുറത്തിറങ്ങിയ പൃഥ്വിയുടെ സുഹൃത്ത് ആശിഷിനെ സംഘം പിന്തുടർന്നു. സുഹൃത്ത് സഞ്ചരിച്ച കാർ ജോഗേശ്വരി ലിങ്ക് റോഡിലെ ലോട്ടസ് പെട്രോൾ പമ്പിനടുത്ത് എത്തിയതും സംഘം തടഞ്ഞുനിർത്തി.
പിന്നാലെ ബേസ്‌ബോൾ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകർക്കുകയായിരുന്നു. എന്നാൽ, ഈ സമയത്ത് താരം കാറിലുണ്ടായിരുന്നില്ല. മറ്റൊരു വാഹനത്തിൽ ഹോട്ടലിൽനിന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടർന്നാണ് ആശിഷ് ഒഷിവാര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.