മുംബൈ: ക്രിക്കറ്റിൽ സുപ്രധാന കിരീടങ്ങൾ കൈയെത്തിപ്പിടിക്കാനാവാതെ പോവുന്ന സമീപകാല നിരാശകൾക്ക് അറുതി വരുത്താൻ ഇന്ത്യൻ ടീമിന്റെ പരിശീലക സംഘത്തിൽ പുതിയൊരു കോച്ചിനെക്കൂടി നിയമിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ). ദേശീയ ടീമിന്റെ മുൻ മെന്റൽ കണ്ടീഷനിങ് കോച്ചായ പാഡി അപ്ടണാണ് രാഹുൽ ദ്രാവിഡിന്റെ സപ്പോർട്ട് സ്റ്റാഫിൽ പുതുതായി എത്തിയിട്ടുള്ളത്.
എം.എസ്. ധോണിയുടെ നായകത്വത്തിൽ 2011ൽ ഇന്ത്യ ലോകകപ്പ് നേടുമ്പോൾ കളിക്കാരെ വമ്പൻ പോരാട്ടങ്ങൾക്ക് മാനസികമായി സജ്ജരാക്കാനുള്ള മെന്റൽ കണ്ടീഷനിങ് കോച്ചായി അപ്ടൺ ടീമിനൊപ്പമുണ്ടായിരുന്നു. ദ്രാവിഡ് ഐ.പി.എല്ലിൽ 2013ൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായിരിക്കേ ടീമിന്റെ പരിശീലകനുമായിരുന്നു അപ്ടൺ. വെസ്റ്റിൻഡീസിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനൊപ്പം അദ്ദേഹം ചേർന്നിട്ടുണ്ട്. ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ട്വൻറി20 ലോകകപ്പ് വരെയാണ് അപ്ടണുമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് കരാർ ഒപ്പിട്ടിട്ടുള്ളത്.
എന്നാൽ, അപ്ടണിന് ഇന്ത്യൻ ടീമിൽ അദ്ഭുതങ്ങളൊന്നും കാഴ്ചവെക്കാൻ കഴിയില്ലെന്ന് തുറന്നടിച്ച് മുൻ പേസ് ബൗളറും മലയാളിയുമായ എസ്. ശ്രീശാന്ത് രംഗത്തെത്തി. 'അയാൾ എന്തെങ്കിലും അദ്ഭുതങ്ങൾ കാട്ടുമെന്നൊന്നും ഞാൻ കരുതുന്നില്ല. നമ്മൾ ട്വന്റി20 ലോകകപ്പ് ജയിച്ചാൽ അത് കളിക്കാരുടെയും കോച്ചെന്ന നിലയിൽ രാഹുൽ ഭായി (ദ്രാവിഡ്) യുടെയും മികവുകൊണ്ടായിരിക്കും. നല്ല ടീമാണ് നമ്മളുടേത്. അല്ലാതെ, നിങ്ങൾ പറയുന്ന ആ മനുഷ്യൻ എന്തെങ്കിലും വ്യത്യാസം ടീമിൽ വരുത്താൻ പോകുന്നുവെന്ന് ഞാൻ കരുതുന്നേയില്ല.' മുംബൈയിലെ ഒരു ദിനപത്രത്തോട് ശ്രീശാന്ത് പറഞ്ഞു.
'ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുമ്പോൾ പോലും നിങ്ങൾ മാനസികമായി കരുത്തനായിരിക്കണം. അതിന് നമ്മൾ സ്വയം സജ്ജമാകും.' -മെന്റൽ കണ്ടീഷനിങ്ങിന് പരിശീലകന്റെ ആവശ്യം ഇല്ലെന്ന് സൂചിപ്പിച്ച് ശ്രീശാന്ത് പറഞ്ഞു. കോഴ വിവാദത്തെ തുടർന്ന് ക്രിക്കറ്റിൽനിന്ന് വിലക്ക് നേരിട്ട ശ്രീശാന്ത് കോടതിവിധിയെ തുടർന്ന് കളത്തിൽ തിരിച്ചെത്തിയിരുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും ഈയിടെയാണ് ശ്രീശാന്ത് വിരമിച്ചത്.
നേരത്തേ, അപ്ടണിന്റെ ആത്മകഥയിൽ ശ്രീശാന്തിനെതിരെ പരാമർശമുണ്ടായിരുന്നു. 2013ലെ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനുള്ള േപ്ലയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നപ്പോൾ ശ്രീശാന്ത്, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായിരുന്ന ദ്രാവിഡിനെയും കോച്ചായിരുന്ന തന്നെയും കുറ്റപ്പെടുത്തിയതായി ആത്മകഥയിൽ അപ്ടൺ വെളിപ്പെടുത്തിയിരുന്നു.
2008 മുതൽ 2011 വരെ ഇന്ത്യൻ ടീമിൽ അപ്ടൺ എന്തു സ്വാധീനമാണ് ചെലുത്തിയതെന്ന ചോദ്യത്തിന് 'ഒരു ശതമാനം മാത്രം' എന്നായിരുന്നു ശ്രീശാന്തിന്റെ മറുപടി. 'അന്ന് ഹെഡ് കോച്ചായിരുന്ന ഗാരി കേഴ്സ്റ്റനാണ് 99 ശതമാനം ജോലി ചെയ്തത്. അപ്ടൺ അദ്ദേഹത്തിന്റെ കേവല സഹായി മാത്രമായിരുന്നു. രാഹുൽ ഭായിയുമൊന്നിച്ച് രാജസ്ഥാൻ റോയൽസിൽ ഒന്നിച്ച് ഉണ്ടായിരുന്നു എന്നതു കൊണ്ടാണ് അപ്ടൺ ഇപ്പോൾ ഇന്ത്യൻ ടീമിന്റെ പരിശീലക സംഘത്തിലെത്തിയത്.'
'ഗാരി അതിശയിപ്പിക്കുന്ന കോച്ചായിരുന്നു. ഓരോ കളിക്കാരനും അത് അംഗീകരിക്കും. 2007-98ൽ ആസ്ട്രേലിയയിൽ പര്യടനം നടത്തവേ, ഫീൽഡിങ് പരിശീലനം നടത്തുകയായിരുന്ന ഞാനും സുരേഷ് റെയ്നയും അടക്കമുള്ളവർക്ക് അരികിലെത്തി അദ്ദേഹം പറഞ്ഞു -'ആർക്കെങ്കിലും 2011 ലോകകപ്പ് നേടണമെന്ന് താൽപര്യമുണ്ടോ? അതിനുള്ള ഒരുക്കം ഇപ്പോൾ തന്നെ തുടങ്ങണം' എന്ന്. അത്രമാത്രം ദീർഘവീക്ഷണമുണ്ടായിരുന്നു ഗാരിക്ക്.' -ശ്രീശാന്ത് വിശദീകരിച്ചു.
ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് ഇന്ത്യ നേടുമെന്നും ശ്രീശാന്ത് പ്രതീക്ഷ പ്രകടിപ്പിച്ചു. 'ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇക്കുറി ലോകകപ്പ് നേടാൻ വലിയ സാധ്യതയാണുള്ളത്'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.