കാൺപുർ: ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിലും അനായാസ ജയം നേടിയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. കാൺപുർ ടെസ്റ്റിൽ ഏഴുവിക്കറ്റിനാണ് രോഹിത് ശർമയുടെയും സംഘത്തിന്‍റെയും ജയം. രണ്ടു ഇന്നിങ്സുകളിലും അർധ സെഞ്ച്വറി നേടിയ യുവ ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.
രണ്ടാം ഇന്നിങ്സിൽ 45 പന്തുകൾ നേരിട്ട താരം 51 റൺസെടുത്തു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023- 25 സൈക്കിളിൽ 1217 റൺസാണ് താരം ഇതുവരെ നേടിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഒരു പതിപ്പിൽ 1200 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടം യശസ്വി സ്വന്തമാക്കി. നിലവിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ലീഡിങ് റൺ സ്കോറർമാരിൽ രണ്ടാമതാണ്. 11 മത്സരങ്ങളിൽ 20 ഇന്നിങ്സുകളിലായാണ് താരം 1217 റൺസ് നേടിയത്. 29 ഇന്നിങ്സുകളിൽനിന്ന് 1398 റൺസുമായി ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടാണ് ഒന്നാമത്. ഇംഗ്ലണ്ടിന്‍റെ തന്നെ ബെൻ ഡക്കറ്റാണ് 20 ഇന്നിങ്സുകളിൽ 1028 റൺസുമായി മൂന്നാമത്. ഈ മൂന്നു താരങ്ങൾ മാത്രമാണ് ഇതുവരെ 1000 റൺസ് കടമ്പ കടന്നത്.
ആദ്യ ടെസ്റ്റിലെ അർധ സെഞ്ച്വറി പ്രകടനത്തിനു പിന്നാലെ വെറ്ററൻ താരം അജിങ്ക്യ രഹാനെയെ മറികടന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടം യശസ്വി സ്വന്തമാക്കിയിരുന്നു. 2019-21 സൈക്കിളിൽ രഹാനെ 1159 റൺസ് നേടിയിരുന്നു. മഴ കാരണം രണ്ടു ദിവസം ഒരു പന്തു പോലും എറിയാൻ സാധിക്കാതിരുന്ന കളിയാണ് വീരോചിതമായ പ്രകടനത്തിലൂടെ ഇന്ത്യ തിരിച്ചുപിടിച്ചത്. സൂപ്പർ താരം വിരാട് കോഹ്ലിയും (37 പന്തിൽ 29) ഋഷഭ് പന്തും (അഞ്ച് പന്തിൽ നാല്) ചേർന്നാണ് ഇന്ത്യയുടെ വിജയ റൺസ് കുറിച്ചത്. രോഹിത് ശർമയും (എട്ട്), ശുഭ്മൻ ഗില്ലുമാണു (ആറ്) പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ. നേരത്തെ, ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സിൽ 233 റൺസെടുത്ത് പുറത്തായി.
രണ്ടു ദിവസം മഴ പൂർണമായി കൊണ്ടുപോയെങ്കിലും വിജയം ലക്ഷ്യമാക്കി ട്വന്‍റി20 ക്രിക്കറ്റ് കളിച്ച ഇന്ത്യ നാലാം ദിവസം 285 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിനെ 146 റൺസിൽ പുറത്താക്കാനായതാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.