ബോർഡർ-ഗവാസ്കർ രണ്ടാം ടെസ്റ്റ് അഡ്ലെയ്ഡിൽ ആരംഭിച്ചു. തുടർച്ചയായി രണ്ടാം മത്സരത്തിലും ടോസ് നേടിയ ഇന്ത്യൻ ടീം ബാറ്റിങ് തെരഞ്ഞെടുത്തു. നായകൻ രോഹിത് ശർമ തിരിച്ചെത്തിയ മത്സരത്തിൽ കെ.എൽ. രാഹുൽ യശ്വസ്വി ജയ്സ്വാൾ എന്നിവർ തന്നെയാണ് ഇന്ത്യക്കായി ഓപ്പൺ ചെയ്തത്.
ആദ്യ മത്സരത്തിൽ ഇന്ത്യക്കായി മിന്നിതിളങ്ങിയ യുവതാരം ജയ്സ്വാൾ എന്നാൽ ഇത്തവണ ആദ്യ പന്തിൽ തന്നെ പുറത്തായി. ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ 161 റൺസ് നേടി ഇന്ത്യയുടെ നെടുംതൂണായതിന് ശേഷമാണ് താരം രണ്ടാം മത്സരത്തിലെ ആദ്യ പന്തിൽ തന്നെ പൂജ്യനായി പുറത്താകുന്നത്. മിച്ചൽ സ്റ്റാർക്കാണ് ജയ്സ്വാളിനെ പുറത്താക്കിയത്.
ആദ്യ മത്സരത്തിലെ ബാറ്റിങ്ങിനിടെ ജയ്സ്വാളും സ്റ്റാർക്കും തമ്മിൽ ഉരസിയിരുന്നു. തന്‍റെ 161 റൺസ് നേടിയ ഇന്നിങ്സിനിടെ ജയ്സ്വാളിനെ പല രീതിയിലും പ്രകോപനിപ്പിക്കാൻ ശ്രമിച്ച സ്റ്റാർക്കിനെ ജയ്സ്വാൾ അനായാസം നേരിടുകയായിരുന്നു. ബാറ്റിങ്ങിനിടെ സ്റ്റാർക്കിനോട് ബോൾ പതിയെയാണ് വരുന്നതെന്ന് ജയ്സ്വാൾ പറയുകയും ചെയ്തു. ഇത് ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായ കാര്യമാണ്. എന്നാൽ രണ്ടാം മത്സരത്തിലേക്ക് എത്തുമ്പോൾ ന്യൂബോളുമായി എത്തിയ സ്റ്റാർക്കിന്‍റെ ആദ്യ പന്തിൽ തന്നെ ജയ്‍സ്വാൾ എൽ.ഡി.ഡബ്ല്യുയായി മടങ്ങി. നടക്കുന്ന പരമ്പരയിൽ ഇരുവരും തമ്മിലുള്ള പോരാട്ടം ഇനിയും കടുക്കുമെന്ന് ഉറപ്പിക്കുന്നതാണ് ഈ പുറത്താകൽ. ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്സിലും ജയ്സ്വാളിനെ പുറത്താക്കിയത് സ്റ്റാർക്കാണ്.
അതേ സമയം രണ്ടാം മത്സരത്തിൽ നായകൻ രോഹിത് ശർമക്കൊപ്പം ശുഭ്മൻ ഗിൽ ആർ. അശ്വിൻ എന്നിവരും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കൽ, ദ്രുവ് ജൂറൽ, വാഷിങ്ടൺ സുന്ദർ എന്നിവരാണ് ആദ്യ രണ്ടാം മത്സരത്തിലെ ടീമിൽ നിന്നും പുറത്ത് പോയത്. നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവർ രണ്ടാം മത്സരത്തിലും ഇടം നേടി.
ആസ്ട്രേലിയൻ നിരയിൽ പരിക്കേറ്റ ജോഷ് ഹെയ്സൽവുഡിന് പകരം സ്കോട്ട് ബോളണ്ട് ടീമിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.