ന്യൂഡൽഹി: ലോകം കാത്തിരിക്കുന്ന ഒളിമ്പിക്സ് മാമാങ്കത്തിന് ജൂലൈ 23ന് േടാക്യോയിൽ തിരിതെളിയാനിരിക്കേ താരങ്ങളുടെയും സംഘാടനത്തിന്‍റെയും വിശേഷങ്ങൾ പങ്കുവെക്കുന്ന തിരക്കിലാണ് സൈബർലോകം. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഈ കായിക മഹോത്സവം കോവിഡ് കാരണമാണ് ഒരുവർഷത്തേക്ക് നീട്ടിവെച്ചത്. അതിനിടെ, പുതിയൊരു മെഡൽ പ്രത്യക്ഷപ്പെട്ടതിന്‍റെ പിന്നാലെയാണ് ഇന്ത്യയിലെ നെറ്റിസൺസ്.
ഇത്തവണ ഒളിമ്പിക്സിൽ സന്നദ്ധപ്രവർത്തകരായി പങ്കെടുക്കുന്നവർക്ക് 'സ്വയംസേവക്' എന്ന് ഹിന്ദിയിൽ മുദ്രണം ചെയ്ത 'മെഡൽ' നൽകുമെന്നാണ് ചില കേന്ദ്രങ്ങങളുടെ വെളിപ്പെടുത്തൽ. വെറും വെളിപ്പെടുത്തൽ മാത്രമല്ല, 'മെഡലി'ന്‍റെ അസ്സൽ ചിത്രവും പുറത്തുവിട്ടു ഈ 'പ്രത്യേക കേന്ദ്രങ്ങൾ'. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) പ്രസിഡന്‍റ് ഡോ. നരീന്ദർ ധ്രുവ് ബത്ര വരെ ഈ മെഡൽ ചിത്രം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. "ടോക്കിയോ ഒളിമ്പിക്സിലെ സന്നദ്ധപ്രവർത്തകർക്കുള്ള വളന്‍റിയർ മെഡൽ. സ്വയംസേവക് എന്ന് ഹിന്ദിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്" അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്ത്എഴുതി.
जापान के टोक्यो में होने वाले Olympic खेलों में इस बार Volunteers को दिये जाने वाले Medal पर दूसरी भाषाओं के साथ हमारी राष्ट्रीय भाषा 🇮🇳 हिन्दी में भी स्वयंसेवक लिखा हुआ होगा🤗💪
— Major Surendra Poonia (@MajorPoonia) June 28, 2021
"स्वयंसेवक" नाम सुनते ही रोमन ग़ुलामों का दिल बैठ सा जाता है 🥰 pic.twitter.com/wF4anxojv7
'സ്വയംസേവക്' എന്ന് കേട്ടപാതി കേൾക്കാത്ത പാതി...
11 ഭാഷകളിൽ വളന്‍റിയർ എന്ന് രേഖപ്പെടുത്തിയ കൂട്ടത്തിലാണ് നമ്മുടെ ഹിന്ദിയും ഇടംപിടിച്ചതെന്ന് ഇവർ പറയുന്നു. ഹിന്ദിക്ക് കിട്ടിയ പരിഗണനയേക്കാൾ 'സ്വയംസേവക്' എന്ന വാക്കിന്‍റെ രാഷ്ട്രീയമാനമാണ് ആഘോഷക്കമ്മിറ്റിക്കാരെ ആവേശഭരിതരാക്കിയത്. അതോടെ ആ രാഷ്ട്രീയം പേറുന്നവർ മെഡൽ ചിത്രങ്ങൾ മുൻപിൻ നോക്കാതെ ചറപറ ഷെയർ ചെയ്തു. തങ്ങളുടെ എതിരാളികൾ ഇതുകണ്ട് കുരുപൊട്ടി മരിക്കും എന്നായിരുന്നു ഇവരുടെ ടാഗ്ലൈൻ!.
എതിരാളികൾക്ക് കുരുപൊട്ടിയില്ലെങ്കിലും അവർ കാര്യമറിയാൻ ഒളിമ്പിക് സംഘാടകരുമായി ഇമെയിൽ വഴി മുട്ടിനോക്കി. ഇതൊക്കെ ഉള്ളതാണോഡേയ് എന്നൊരു ചോദ്യം. എന്നാൽ, ഞങ്ങളിങ്ങനെ ഒരുമെഡലിനെ കുറിച്ച് അറിഞ്ഞിേട്ടയില്ലെന്നായിരുന്നു അവരുടെ മറുപടി. ഇന്‍റർനാഷനൽ ഒളിമ്പിക് കമ്മിറ്റി ഇതുവരെ അത്തരം മെഡലുകളൊന്നും അവതരിപ്പിച്ചിട്ടില്ലെന്ന് വ്യാജവാർത്തകളെ പൊളിച്ചടക്കുന്ന വെബ്സൈറ്റുകൾ സ്ഥിരീകരിച്ചു. ചില ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ മാത്രമാണ് ഈ മെഡൽ കാണാനായത്. അവരും ഒളിമ്പിക് കമ്മിറ്റിയും തമ്മിൽ ഒരുബന്ധവുമില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സംഗതി പണിപാളിയെന്ന് അറിഞ്ഞതോടെ ഐ.ഒ.എ പ്രസിഡന്‍റ് ഡോ. ബത്ര പോസ്റ്റ് പിൻവലിച്ച് തടിതപ്പി. പക്ഷേ, ഇതിനകം തന്നെ ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിൽ വൈറലായിരുന്നു.
"ഇത് എനിക്ക് അയച്ചുതന്ന വ്യക്തിക്ക് അതിന്‍റെ ഉറവിടത്തെക്കുറിച്ച് അറിയാമോ എന്ന് എനിക്കറിയില്ല. എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ഞാൻ അത് നീക്കംചെയ്യാം. ഈ മെഡൽ വാർത്തയുമായി ഐ.ഒ.എയ്ക്ക് ഒരു ബന്ധവുമില്ല" -ഡോ. ബത്ര മാധ്യമങ്ങളോട് പറഞ്ഞു. ഒളിമ്പിക്സ് വെബ്‌സൈറ്റിൽ സന്നദ്ധപ്രവർത്തകർക്ക് നൽകുന്ന ഇനങ്ങളുടെ ലിസ്റ്റിലും ഈ 'സ്വയംസേവക മെഡൽ' ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.