ലണ്ടൻ: യൂറോ 2020ൽ ടീമിന്‍റെ ആദ്യ മത്സരത്തിൽ തന്നെ റെക്കോഡ് പുസ്തകമേറിയ ഫുട്ബാളിന്റെ രാജകുമാരനു മുന്നിൽ കീഴടങ്ങാൻ ഇനി അപൂർവം റെക്കോഡുകൾ മാത്രം. യൂറോയിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായും കൂടുതൽ യൂറോ ചാമ്പ്യൻഷിപ്പുകളിൽ കളിച്ച താരമായും ചരിത്രം കുറിച്ച പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രായം കൂസാതെ ഇനിയുമേറെ അങ്കങ്ങൾക്ക് ബാല്യം ബാക്കിനിർത്തി കുതിക്കുകയാണ്. മിഷേൽ പ്ലാറ്റിനിയും അലൻ ഷിയററും ഇബ്രാഹീമോവിച്ചും ഗ്രീസ്മാനും വെയ്ൻ റൂണിയും ഭരിച്ച സ്കോറർമാരുടെ പട്ടികയിൽ ഇനി ഒന്നാം സ്ഥാനത്ത് റോണോ മാത്രം.
കളിക്കായി റഫറി വിസിൽ മുഴക്കുേമ്പാൾ തന്നെ അഞ്ച് യൂറോ ചാമ്പ്യൻഷിപ്പുകളിൽ പന്തു തട്ടിയ ആദ്യ താരമെന്ന റെക്കോഡ് സ്വന്തം പേരിലാക്കിയ റോണോ ഹംഗറിക്കെതിരെ രണ്ടു മിന്നും ഗോളുകളും അടിച്ചുകയറ്റി. പെനാൽറ്റിയിലായിരുന്നു ആദ്യ ഗോളെങ്കിൽ ഗോളിയെയും ഡ്രിബിൾ ചെയ്തായിരുന്നു രണ്ടാം ഗോൾ.
ഒരു കോവിഡ് രോഗി പോലും പുതുതായി റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ഹംഗറിയിലെ ബുഡാപെസ്റ്റിൽ പുഷ്കാസ് അറീനയിലായിരുന്നു 60,000 കാണികളെ സാക്ഷിനിർത്തി റോണോ തേരോട്ടം. രാജ്യാന്തര ഗോളുകളുടെ എണ്ണം 106 ആയി ഉയർത്തിയ താരത്തിന് ഇനി മുന്നിൽ ഇറാന്‍ ഇതിഹാസം അലി ദായി മാത്രം. 109 ഗോളുകൾ നേടിയ അലി ദായിയെ കടക്കാൻ നാലു ഗോളുകൾ കൂടി വേണം. അതുപക്ഷേ, നിലവിലെ ഫോം തുടർന്നാൽ ഈ യൂറോയിൽ തന്നെ നേടാനായേക്കും. മരണ ഗ്രൂപിൽ രണ്ടാം റൗണ്ടിലേക്ക് കടക്കുകയെന്ന ദുഷ്കരമായ ദൗത്യം പൂർത്തിയാക്കാനും ക്രിസ്റ്റ്യാനോ ഗോളുകൾ തുണയാകണം. ഗ്രൂപ് എഫിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസും മുൻ ചാമ്പ്യന്മാരായ ജർമനിയുമാണ് മറ്റു രണ്ടു ടീമുകൾ. ഹംഗറിക്കെതിരെ പിടിച്ച ജയം ഇവർക്കെതിരെ ആവർത്തിക്കാനാകുമോ എന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്.
സമീപകാലത്തെ ഏറ്റവും വലിയ ആരാധകക്കൂട്ടമാണ് സ്വന്തം ടീമിന്‍റെ കളി കാണാൻ പുഷ്കാസ് മൈതാനത്ത് ഒഴുകിയെത്തിയത്. നീണ്ട 87 മിനിറ്റ് പരിക്കേൽക്കാതെ പിടിച്ചുനിന്ന ശേഷമായിരുന്നു നാട്ടുകാർക്ക് മുമ്പിൽ കീഴടങ്ങൽ. ഹംഗറിയുടെ മുന്നേറ്റങ്ങൾക്ക് കൈയടിച്ച അതേ ആവേശത്തോടെ ആരാധകർ ക്രിസ്റ്റ്യാനോക്കായും ആർത്തുവിളിച്ചു. അവസാന ആറു മിനിറ്റിനിടെ മൂന്നു ഗോളുകളാണ് അങ്ങനെ ആതിഥേയർ ഏറ്റുവാങ്ങിയത്.
സ്കോറർമാരുടെ പട്ടികയിൽ റൊണാൾഡോ ഒന്നാമനായെങ്കിലും പ്ലാറ്റിനി ഒമ്പതു ഗോളുകൾ അടിച്ചുകൂട്ടിയത് 84ലെ ഒറ്റ യൂറോയിലാണെന്ന വ്യത്യാസമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.