അർജന്റീനയുടെ ഗോൾനേടിയ ലൗതാരോ മാർട്ടിനെസ് ക്യാപ്റ്റൻ ലയണൽ മെസ്സിക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

​​ലൗതാരോയുടെ കിടിലൻ വോളി; അർജന്റീന വീണ്ടും വിജയവഴിയിൽ

ബ്യൂണസ് അയേഴ്സ്: തോൽവിയുടെ ആഘാതത്തിൽനിന്ന് വിജയത്തിലേക്ക് തിരിച്ചുകയറി അർജന്റീന. ലോകകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ടിൽ പെറുവിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീനയുടെ വിജയം. നായകൻ ലയണൽ മെസ്സിയുടെ ക്രോസിൽ ലൗതാരോ മാർട്ടിനെസിന്റെ തകർപ്പൻ വോളിയാണ് പെറുവല തുളച്ച് കയറിയത്. കഴിഞ്ഞ കളിയിൽ പരഗ്വെയോട് 2-1ന് തോൽവി വഴങ്ങിയ ശേഷമാണ് അർജന്റീന വിജയത്തിലേക്ക് തിരിച്ചെത്തിയത്. 12 കളികളിൽ 25 പോയന്റുമായി അർജന്റീന തെക്കനേമരിക്കൻ ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്ത് തുടരുന്നു.

ഗോൾശൂന്യമായ ആദ്യപകുതിക്കുശേഷം 55-ാം മിനിറ്റിലാണ് ലൗതാരോ തകർപ്പൻ ഫിനിഷിലൂടെ പെറുവലയിൽ പന്തെത്തിച്ചത്. ഇടതുപാർശ്വത്തിലൂടെ നടത്തിയ മുന്നേറ്റത്തിനിടയിൽ മെസ്സിക്ക് ഹൂലിയൻ ആൽവാരസിന്റെ പാസ്. ബോക്സിന് പുറത്തുനിന്ന് പ​ന്തെടുത്ത മെസ്സി നാലു ഡിഫൻഡർമാർക്കിടയിലൂടെ മുന്നോട്ടേക്ക്. വട്ടംചുറ്റി തടയാനെത്തിയവർക്കിടയിൽനിന്ന് ഗോൾമുഖത്തേക്ക് ബോക്സിനുള്ളിൽനിന്നുതന്നെ അളന്നുകുറിച്ചൊരു ക്രോസ്. പന്ത് നിലംതൊടുംമുമ്പെ ലൗതാരോയുടെ കിടിലൻ വോളി ചാട്ടുളി കണക്കെ വലയിലേക്ക്. ലാ ബൊംബനാരോ സ്റ്റേഡിയത്തിലെ ഗാലറിക്ക് പൊട്ടിത്തെറിക്കാൻ അത് ഏറെയായിരുന്നു.

കരുത്തരായ എതിരാളിക​ളെ പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തടഞ്ഞുനിർത്തുകയെന്നതായിരുന്നു പെറു​ സ്വീകരിച്ച തന്ത്രമെന്ന് തുടക്കംമുതൽ വ്യക്തമായിരുന്നു. കളിയുടെ ആദ്യ 74 മിനിറ്റിനിടെ അർജന്റീന വല ലക്ഷ്യമിട്ട് ഒരു ഷോട്ടുപോലും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. പന്തിന്മേൽ വ്യക്തമായ മേധാവിത്വം പുലർത്തുമ്പോഴും എതിർഗോൾമുഖത്ത് ഉറച്ച അവസരങ്ങൾ തുറന്നെടുക്കുന്നതിൽ ലോക ചാമ്പ്യന്മാർക്ക് പതിവുരീതിയിൽ മികവു കാട്ടാനായില്ല. പന്തടക്കത്തിലൂന്നിയ കളിതന്ത്രവുമായി കളം ഭരിക്കുന്ന ആതിഥേയ സംഘത്തിന് പെറുവിനെതിരെ പലപ്പോഴും പിണഞ്ഞ മിസ്പാസുകളും തിരിച്ചടിയായി.

മത്സരത്തിലുടനീളമായി മൊത്തം 10 ​ഷോട്ടുകൾ പായിച്ച അർജന്റീനക്ക് വലയുടെ നേരെ ഉതിർക്കാൻ കഴിഞ്ഞത് മൂന്നു ഷോട്ടുകളാണ്. അർജന്റീന ആക്രമണ നിരയിൽ മെസ്സി-ആൽവാരസ്-ലൗതാരോ ത്രയത്തെ പിടിച്ചുകെട്ടുന്നതിൽ പെറു ഡിഫൻസ് ഒരുപരിധിവരെ വിജയിച്ചപ്പോൾ മധ്യനിരയിൽനിന്ന് കയറിയെത്തിയ അലക്സിസ് മക് അലിസ്റ്ററാണ് ഗോളിലേക്ക് കൂടുതൽ ഉറച്ച ഗോൾശ്രമങ്ങൾ നടത്തിയത്.

പ്രതിരോധത്തിൽ ആലോചിച്ചുറപ്പിച്ച രീതിയിൽ മെസ്സിയെയും സംഘത്തെയും പെറു ആദ്യപകുതിയിൽ ഫലപ്രദമായി തടഞ്ഞുനിർത്തി. ആദ്യപകുതിയിൽ മക്അലിസ്റ്ററുടെ ഗോളിലേക്കുള്ള രണ്ടു ശ്രമങ്ങൾ നേരിയ വ്യത്യാസത്തിനാണ് പുറത്തായത്. സ്വന്തം തട്ടകത്തിൽ കിക്കോഫ് മുതൽ ആരവങ്ങളുമായി ഒപ്പംകൂടിയ ആരാധകവൃന്ദത്തെ ആനന്ദിപ്പിക്കാൻ ജയം അനിവാര്യമായിരുന്ന അർജന്റീനക്കുവേണ്ടി മാർട്ടിനെസ് അവതരിക്കുകയായിരുന്നു. ശേഷം റോഡ്രിഗോ ഡി പോൾ തൊടുത്ത ഫ്രീകിക്കിൽ വലയിലേക്ക് വീണ്ടും നിറയൊഴിക്കാനുള്ള സുവർണാവസരം ലൗതാരോക്ക് ലഭിച്ചെങ്കിലും അവിശ്വസനീയമായി പന്ത് പുറത്തേക്ക് പറന്നു.

Tags:    
News Summary - Argentina beat Peru by Lautaro Martinez's super volley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.