ദോഹ: അഞ്ചു ദിവസം മുമ്പ് സ്വന്തം മണ്ണിൽ കരുത്തരായ ഉസ്ബകിസ്താനെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയം നൽകിയ ആത്മവിശ്വാസവുമായി ഖത്തർ അയൽക്കാർക്കെതിരെ. അബൂദബിയിലെ അൽ നഹ് യാൻ സ്റ്റേഡിയത്തിൽ ആതിഥേയരായ യു.എ.ഇക്കെതിരെയാണ് ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ യോഗ്യത റൗണ്ടിലെ ഖത്തറിന്റെ നിർണായകമായ അങ്കം.
വ്യാഴാഴ്ച രാത്രിയിൽ ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഉസ്ബകിസ്താന്റെ യുവതാരങ്ങൾ അണിനിരന്ന സംഘത്തെ പിടിച്ചുകെട്ടി നേടിയ വിജയമാണ് ലോകകപ്പ് പ്രതീക്ഷകൾ സജീവമാക്കി ഖത്തറിന് പുത്തൻ ഊർജമായി മാറിയത്.
മൂന്നാം റൗണ്ടിലെ ആറാം അങ്കത്തിനായി കോച്ച് മാർക്വേസ് ലോപസിന്റെ നേതൃത്വത്തിലുള്ള ടീം ഞായറാഴ്ച രാത്രിയിൽതന്നെ മത്സര വേദിയിലെത്തി. നേരത്തേതന്നെ തയാറെടുപ്പുകൾ ആരംഭിച്ച് മികച്ച ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാനുള്ള ഒരുക്കത്തിലാണ് ഖത്തർ.
മൂന്നാം റൗണ്ടിൽ അഞ്ചു കളി പൂർത്തിയായ ഗ്രൂപ് ‘എ’യിൽ രണ്ട് ജയം, ഒരു സമനില, രണ്ട് തോൽവി എന്നിവയുമായി ഏഴ് പോയന്റിൽ മൂന്നും നാലും സ്ഥാനക്കാരാണ് യു.എ.ഇയും ഖത്തറും. ഗോൾ വ്യത്യാസത്തിന്റെ നേരിയ മുൻതൂക്കം യു.എ.ഇക്കാണ്.
എന്നാൽ, തുടർച്ചയായ തിരിച്ചടികൾക്ക് മിന്നുന്ന ജയവുമായി മറുപടി നൽകിയ ഖത്തറിന് ചൊവ്വാഴ്ചയിലെ പോരാട്ടത്തിൽ ലക്ഷ്യം വിജയമാണ്. ശേഷിക്കുന്ന ഓരോ മത്സരങ്ങളും ജയിച്ച് മുന്നേറിയാൽ ആദ്യ രണ്ടു സ്ഥാനക്കാരായി 2026 ലോകകപ്പ് ഫുട്ബാളിന് നേരിട്ട് യോഗ്യത നേടാൻ കഴിയുമെന്നതാണ് പ്രതീക്ഷ.
നിലവിൽ ഒരു കളിയും തോൽക്കാത്ത ഇറാന് 13 പോയന്റും ഒരു കളി തോറ്റ ഉസ്ബകിസ്താന് 10 പോയന്റുമാണുള്ളത്. ഇന്നത്തേത് ഉൾപ്പെടെ അഞ്ചു മത്സരങ്ങളാണ് ഖത്തറിനും മറ്റു ടീമുകൾക്കും ബാക്കിയുള്ളത്.
ഗ്രൂപ് റൗണ്ടിൽ സെപ്റ്റംബർ അഞ്ചിന് നടന്ന ആദ്യമത്സരത്തിൽ യു.എ.ഇക്കെതിരെ ഖത്തർ തോൽവി വഴങ്ങിയിരുന്നു. എന്നാൽ, ഈ സാഹചര്യത്തിൽനിന്ന് തീർത്തും മാറിയാണ് ഇത്തവണ അവരെ നേരിടാൻ ഒരുങ്ങുന്നതെന്ന് കോച്ച് മാർക്വേസ് അബൂദബിയിൽ നടന്ന പ്രീമാച്ച് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഉസ്ബകിസ്താനെതിരെ നേടിയ വിജയം ടീമിന്റെ ആത്മവിശ്വാസവും പോരാട്ട വീര്യവും വർധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ‘‘രണ്ടു മത്സരങ്ങൾക്കിടയിൽ തയാറെടുപ്പിനുള്ള സമയം വളരെ പരിമിതമായിരുന്നു. ശക്തമായ കളി കഴിഞ്ഞ് ഉടൻ മറ്റൊരു മത്സരത്തിനായി ഒരുങ്ങുകയാണ് ടീം. നേരത്തേ യു.എ.ഇയെ നേരിട്ടതിൽനിന്ന് വ്യത്യസ്തമാണ് ഈ മത്സരം. 100 ശതമാനവും വിജയത്തിൽ ശ്രദ്ധ നൽകിയാണ് ടീം ഇറങ്ങുന്നത്’’ -അദ്ദേഹം പറഞ്ഞു.
മികച്ച പ്രകടനം കാഴ്ചവെക്കുകയും വിജയത്തോടെ മൂന്ന് പോയന്റ് ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് ഖത്തർ സൂപ്പർ താരം അക്റം അഫീഫ് പറഞ്ഞു. ടീമിന്റെ കുതിപ്പിൽ ആരാധക സാന്നിധ്യത്തെ അഭിനന്ദിച്ച അഫീഫ്, എവേ മാച്ചിൽ ടീമിന് പിന്തുണയുമായി ആരാധകരെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു.
ഉസ്ബകിസ്താനെ നേരിട്ട ടീമിൽനിന്ന് കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെത്തന്നെയാവും കോച്ച് ലോപസ് ഖത്തറിനെ സജ്ജമാക്കുന്നത്. അതേസമയം, ഖത്തറിനെപ്പോലെത്തന്നെ പ്രതീക്ഷകളുമായാണ് യു.എ.ഇയുടെയും പടപ്പുറപ്പാട്.
കിർഗിസ്താനെ 3-0ത്തിന് തോൽപിച്ചാണ് ടീമിന്റെ വരവ്. റൈറ്റ്ബാക്ക് സായിദ് സുൽതാൻ, സെന്റർ ബാക്ക് ഖലീഫ അൽ ഹമ്മാദി എന്നിവരുടെ പരിക്ക് ടീമിനെ അലട്ടുന്നുണ്ട്. മുന്നേറ്റത്തിൽ ഗോൾ മെഷീൻ ഹാരിബ് സുഹൈൽ, കൈയോ കാനെഡോ, ഫാബിയോ ലിമ, യഹ്ന അൽ ഗസാനി എന്നിവരാണ് ടീമിന്റെ പ്രധാനികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.