കോഴിക്കോട്: ഐ ലീഗിൽ ഗോകുലം കേരള എഫ്.സിയുടെ ഹോം മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ഡിസംബർ മൂന്നിന് രാത്രി ഏഴിന് നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ മിസോറം ക്ലബായ ഐസ്വാൾ എഫ്.സിയെയാണ് ഗോകുലം കേരള എഫ്.സി നേരിടുക.
ഡിസംബർ ഏഴിന് ചർച്ചിൽ ബ്രദേഴ്സ് എഫ്.സി ഗോവയുമായാണ് രണ്ടാം മത്സരം. പുതിയ സ്പാനിഷ് പരിശീലകനായ അന്റോണിയോ റൂയെഡക്ക് കീഴിൽ കഴിഞ്ഞ മൂന്നു മാസമായി ടീം പരിശീലനം തുടരുന്നുണ്ട്. സെപ്റ്റംബറിൽ ലേയിൽ നടന്ന ക്ലൈമറ്റ് കപ്പിൽ മുഴുവൻ ഇന്ത്യൻ താരങ്ങളുമായി മത്സരിച്ച ടീം ചാമ്പ്യന്മാരായിരുന്നു. ബാഴ്‌സലോണ ബി താരമായിരുന്ന ആബേലഡോ (സ്പാനിഷ്), സെർജിയോ (സ്പെയിൻ), മാർട്ടിൻ ചാവേസ് (ഉറുഗ്വായ്), അഡാമാ (മാലി) തുടങ്ങിയ വിദേശ താരങ്ങളും വി.പി. സുഹൈർ, മൈക്കിൾ സൂസൈ രാജ്, മഷൂർ ഷെരീഫ്, സലാം രഞ്ജൻ തുടങ്ങി ഇന്ത്യൻ താരങ്ങളും ടീമിലുണ്ട്.
മൂന്നാം ഐലീഗ് കിരീടവും നേടി ഐ.എസ്.എൽ പ്രവേശനം നേടുകയാണ് ടീമിന്റെ ലക്ഷ്യം. നിലവിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ടീം പരിശീലനം നടത്തുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ നവംബർ 22ന് ഹൈദരാബാദ് ക്ലബായ ശ്രീനിധി എഫ്.സിയെ നേരിടാൻ ടീം 20ന് പുറപ്പെടുമെന്ന് ക്ലബ് പ്രസിഡന്റ് വി.സി. പ്രവീൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.