കൊൽക്കത്ത: ഐ ലീഗിൽ തകർപ്പൻ ജയവുമായി ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയുടെ കുതിപ്പ്. കെൻക്രെ എഫ്.സിയെ 6-2നാണ് വിസെൻസോ അന്നീസെയുടെ ടീം തകർത്തത്. നാലു കളികളിൽ ഗോകുലത്തിന് 10 പോയന്റായി.
പുതുതാരം സ്ലോവേനിയയുടെ ലൂക മയ്സെൻ ഹാട്രിക് നേടിയപ്പോൾ മലയാളി താരങ്ങളായ എം.എസ്. ജിതിൻ, താഹിർ സമാൻ, മുഹമ്മദ് ഉവൈസ് എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു.
അൽകെറാജ് മാർട്ടിൻസും ലെസ്റ്റർ ഫെർണാണ്ടസുമാണ് ക്രെൻകെയുടെ ഗോളുകൾ നേടിയത്. തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട ഗോകുലം 20 മിനിറ്റാവുമ്പോഴേക്ക് മൂന്നു ഗോൾ ലീഡ് നേടിയിരുന്നു. ഗോകുലത്തിനായി 10 മലയാളി താരങ്ങൾ ബൂട്ടുകെട്ടിയെന്ന പ്രത്യേകതയും ഈ കളിക്കുണ്ടായിരുന്നു. ആദ്യ ഇലവനിൽ അബ്ദുൽ ഹക്കു, ഉവൈസ്, എമിൽ ബെന്നി, സമാൻ, ജിതിൻ എന്നിവർ ഇടംപിടിച്ചപ്പോൾ സൗരവ്, അഭിജിത്, ഷഹജാസ്, ശ്രീക്കുട്ടൻ, റിഷാദ് എന്നിവർ പകരക്കാരായി കളത്തിലെത്തി.
ശനിയാഴ്ചയിലെ മറ്റു കളികളിൽ മുഹമ്മദൻ സ്പോർട്ടിങ് 3-0ത്തിന് ഇന്ത്യൻ ആരോസിനെയും ട്രാവു എഫ്.സി 2-0ത്തിന് ചർച്ചിൽ ബ്രദേഴ്സിനെയും തോൽപിച്ചു. ഗോകുലത്തിന്റെ അടുത്ത കളി 21ന് ട്രാവു എഫ്.സിക്കെതിരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.