എംബാപ്പെക്കെതിരെ ലൈംഗിക പീഡന പരാതി; പ്രതികരിച്ച് ഫ്രഞ്ച് സ്ട്രൈക്കറും ക്ലബും

പാരീസ്: റയൽ മഡ്രിഡിന്‍റെ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെക്കെതിരെ ലൈംഗിക പീഡന പരാതി. കഴിഞ്ഞദിവസം സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ നടത്തിയ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെയാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വാർത്ത സ്വീഡിഷ് പ്രോസിക്യൂട്ടറും സ്ഥിരീകരിച്ചു. സ്വീഡിഷ് പത്രങ്ങളായ എക്സ്പ്രസ്സെനും അഫ്തോൻബ്ലേഡറ്റുമാണ് വാർത്ത പുറത്തുവിട്ടത്. ഒക്ടോബർ 10ന് ബാങ്ക് ഹോട്ടലിൽവെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായാണ് ഇര നൽകിയ പരാതി. എംബാപ്പെയും സുഹൃത്തുക്കളും ഈ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഇരയുടെ പരാതിക്കു പിന്നാലെ പ്രോസിക്യൂട്ടർ അന്വേഷണം നടത്തി ക്രിമിനൽ റിപ്പോർട്ട് പൊലീസിന് സമർപ്പിച്ചതായി സ്വീഡൻ പ്രോസിക്യൂഷൻ അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ, താരത്തിന്‍റെ പേരെടുത്ത് പറയുന്നില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നേഷൻസ് ലീഗ് കളിക്കുന്ന ഫ്രഞ്ച് ടീമിനൊപ്പം 25കാരനായ എംബാപ്പെ കളിക്കുന്നില്ല.

ഇതിനിടെയാണ് താരം സുഹൃത്തുക്കൾക്കൊപ്പം സ്റ്റോക്ക്ഹോമിലേക്ക് പോയത്. സംഭവത്തിനു പിന്നാലെ എംബാപ്പെയും സംഘവും വെള്ളിയാഴ്ച തന്നെ മടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. വൈദ്യസഹായം തേടിയ ശേഷമാണ് ഇര പരാതി നല്‍കിയതെന്ന് സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എംബാപ്പെക്കെതിരായ പീഡന പരാതി എ.എഫ്.പി വാർത്ത ഏജൻസി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, സ്വീഡിഷ് മാധ്യമ വാർത്തകൾ വ്യാജമാണെന്ന് എംബാപ്പെ പ്രതികരിച്ചു. സ്വീഡിഷ് മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഈ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും ആരോപണം അംഗീകരിക്കാനാവില്ലെന്നും എംബാപ്പെയുടെ മീഡിയ ടീം എ.എഫ്.പിക്ക് അയച്ച കുറിപ്പിൽ വ്യക്തമാക്കി.

താരത്തിന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിത്. നിയമനടപടി സ്വീകരിക്കുമെന്നും എംബാപ്പെയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പി.എസ്.ജിയില്‍നിന്നാണ് എംബാപ്പെ സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറിയത്. പി.എസ്.ജിയുടെ പ്രധാന ഓഹരി പങ്കാളിയായ ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് എംബാപ്പെക്ക് ഇപ്പോഴും കരാര്‍ തുക നല്‍കാന്‍ ബാക്കിയുണ്ട്. ഇതിൽ താരം യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് പരാതി നൽകിയിരുന്നു. ഏകദേശം 500 കോടിയിലധികം രൂപ ലഭിക്കാനുണ്ടെന്നാണ് താരം അവകാശപ്പെടുന്നത്.

Tags:    
News Summary - Real Madrid star Kylian Mbappe accused of rape at Swedish hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.