‘വൈകിയാണ് ജോലിക്ക് അപേക്ഷിച്ചതെന്ന വാദം തെറ്റ്’; യു. ഷറഫലിയെ തള്ളി അനസും റിനോ ആന്‍റോയും

കോഴിക്കോട്: അപേക്ഷിക്കാൻ വൈകിയതിനാലാണ് തങ്ങൾക്ക് സർക്കാർ ജോലി ലഭിക്കാതെ പോയതെന്ന സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷൻ യു. ഷറഫലിയുടെ പരാമർശം തള്ളി ഫുട്‌ബാൾ താരങ്ങളായ അനസ് എടത്തൊടികയും റിനോ ആന്‍റോയും. പ്രഫഷനല്‍ ഫുട്‌ബാളില്‍ കളിക്കുമ്പോള്‍ തന്നെയാണ് ജോലിക്ക് അപേക്ഷിച്ചതെന്നും വൈകിയാണ് അപേക്ഷിച്ചതെന്ന വാദം തെറ്റാണെന്നും ഇരുവരും വ്യക്തമാക്കി.

രാജ്യത്തിനുവേണ്ടി കളിച്ച തനിക്ക് ജോലിക്ക് അർഹതയുണ്ടെന്ന് തന്നെയാണ് വിശ്വാസമെന്ന് റിനോ വ്യക്തമാക്കി. പ്രഫഷനൽ ഫുട്‌ബാൾ കളിക്കുമ്പോൾ തന്നെയാണ് ജോലിക്ക് അപേക്ഷിച്ചത്. എന്നേക്കാൾ പ്രായമുള്ളവർക്ക് സർക്കാർ ജോലി നൽകിയിട്ടുണ്ട്. ഒരിക്കലും സ്‌പെഷൻ കാറ്റഗറി മാറ്റണമെന്നും പറഞ്ഞിട്ടില്ല. പ്രഫഷനൽ ഫുട്‌ബാൾ കളിക്കാൻ പോകുകയും വിരമിക്കാറായപ്പോഴാണ് ജോലിക്ക് അപേക്ഷ നൽകിയതെന്നുമാണ് യു. ഷറഫലി പറഞ്ഞത്. അത് തെറ്റാണ്. പ്രഫഷനൽ കളിക്കാൻ പോയി തിരിച്ചുവന്ന എത്രയോ പേർക്ക് ജോലി കൊടുത്തിട്ടുണ്ട്. ജോലിക്ക് തടസ്സം നിൽക്കുന്നതിൽ മുതിർന്ന താരങ്ങളുമുണ്ടാകാം. താന്‍ ഇപ്പോഴും ജോലിക്കായി കാത്തിരിക്കുകയാണെന്നും മുൻ ഇന്ത്യൻ താരം കൂടിയായ റിനോ പറഞ്ഞു.

അനസ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലൂടെയാണ് നീരസം പ്രകടിപ്പിച്ചത്. ‘അപേക്ഷ അയക്കാന്‍ വിരമിക്കുന്നതുവരെ കാത്തുനിന്നതാണ് ജോലി കിട്ടാന്‍ തടസ്സമെന്നും കളിച്ചു കൊണ്ടിരിക്കുമ്പോള്‍ അപേക്ഷ അയച്ചിരുന്നെങ്കില്‍ മുന്നേതന്നെ ജോലി കിട്ടിയിട്ടുണ്ടാവുമെന്നാണ് ഷറഫലിയുടെ പരാമര്‍ശം. എന്നാല്‍ 2015, 2016, 2017, 2018, 2019 വർഷങ്ങളിൽ അപേക്ഷ ക്ഷണിച്ചിട്ടില്ല. സർക്കാർ അപേക്ഷ ക്ഷണിക്കാതെ എങ്ങനെയാണ് ഞങ്ങൾ അപേക്ഷ സമർപ്പിക്കുന്നത്? അത് അദ്ദേഹത്തിന് അറിയാത്തതാണോ‍?’ -അനസ് ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നു.

പണ്ടായിരുന്നെങ്കില്‍ ദേശീയ ടീമിലേക്കുള്ള ചവിട്ടുപടിയായിരുന്നു ഐ ലീഗും സന്തോഷ് ട്രോഫിയുമെല്ലാം. എന്നാല്‍ കാലം മാറിയെന്നും ഇന്ത്യന്‍ ടീമിലെത്താന്‍ ഇപ്പോള്‍ ഐ.എസ്.എല്ലില്‍ കളിക്കണമെന്നും അനസ് പറയുന്നു. മാനദണ്ഡങ്ങളില്‍ പ്രശ്‌നമുണ്ടെന്നത് നേരത്തെ തങ്ങള്‍ പറയുന്ന കാര്യമാണെന്നും അത് പ്രസിഡന്‍റിന് മനസിലായത് ഇപ്പോഴാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ ഇന്ത്യന്‍ താരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പറുമായ സി.കെ വിനീത്, ഇന്ത്യന്‍ യുവതാരം ആഷിഖ് കുരുണിയന്‍, ഫുട്‌ബാള്‍ താരങ്ങളായ അബ്ദുല്‍ ഹക്കു, മുഹമ്മദ് ഇര്‍ഷാദ് എന്നിവരെല്ലാം അനസിനും റിനോക്കും പിന്തുണയുമായി രംഗത്തെത്തി.

Tags:    
News Summary - Anas Edathodika and Rino Anto against U. Sharafali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.