ഇന്ത്യ-മലേഷ്യ സൗഹൃദ പോരിൽ ആദ്യ പകുതി ഒപ്പത്തിനൊപ്പം (1-1)

ഹൈദരാബാദ്: ഇന്ത്യ-മലേഷ്യ സൗഹൃദ മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോൾ ഒപ്പത്തിനൊപ്പം. ഹൈദരാബാദ് ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.

മത്സരത്തിൽ സന്ദർശകരാണ് ആദ്യം ലീഡെടുത്തത്. 19ാം മിനിറ്റിൽ ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്‍റെ പിഴവിൽനിന്ന് പൗലോ ജോഷ്വവാണ് മലേഷ്യക്കായി ഗോൾ നേടിയത്. 39ാം മിനിറ്റിൽ രാഹുൽ ഭേകെയിലൂടെ ഇന്ത്യ ഒപ്പമെത്തി. ബ്രാൻഡൻ ഫെർണാഡസിന്‍റെ കോർണർ ഹെഡ്ഡറിലൂടെയാണ് താരം വലയിലാക്കിയത്.

പ്രതിരോധത്തിലെ കുന്തമുന സന്ദേശ് ജിങ്കാൻ പത്ത് മാസത്തെ ഇടവേളക്കുശേഷം ടീമിൽ തിരിച്ചെത്തി. പുതിയ പരിശീലകൻ മനോലോ മാർക്വേസിന് കീഴിൽ ഇന്ത്യ കളിക്കുന്ന നാലാമത്തെ മത്സരമാണിത്. ഇന്റർ കോണ്ടിനന്റൽ കപ്പിൽ സിറിയയോട് കനത്ത തോൽവി ഏറ്റുവാങ്ങി കിരീടം നഷ്ടമായതിന് പിന്നാലെ വിയറ്റ്നാമിനെതിരായ സൗഹൃദ മത്സരം സമനിലയിലായി. സുനിൽ ഛേത്രിയുടെ വിരമിക്കലുണ്ടാക്കിയ വിടവ് നികത്താൻ ഇനിയും ഇന്ത്യക്കായിട്ടില്ല.

ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 125ാം സ്ഥാനത്താണ്, മലേഷ്യ 133ലും. ചരിത്രത്തിൽ ഇന്ത്യ ഏറ്റവുമധികം ഏറ്റുമുട്ടിയത് മലേഷ്യയോടാണ്, 32 തവണ. 12 മത്സരങ്ങൾ വീതം ഇരുടീമും ജയിച്ചപ്പോൾ ബാക്കി എട്ടെണ്ണം സമനിലയിലായി.

Tags:    
News Summary - India vs Malaysia Football match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.