മഡ്രിഡ്: കോപ ഡെൽ റേ സെമി ഫൈനലിൽ ബാഴ്സലോണ-അത്ലറ്റികോ മഡ്രിഡ് ആദ്യപാദ പോരാട്ടത്തിന് ആവേശ സമനില. ബാഴ്സയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരുവരും നാലു ഗോൾ വീതം നേടി പിരിയുകയായിരുന്നു.
ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിലാണ് അത്ലറ്റികോ മഡ്രിഡ് മത്സരത്തിൽ നാടകീയമായി സമനില പിടിച്ചത്. പെഡ്രി, പാവു കുബാർസി, ഇനിഗോ മാർട്ടിനെസ്, റോബർട്ട് ലെവൻഡോവ്സ്കി എന്നിവരാണ് ബാഴ്സക്കായി വലകുലുക്കിയത്. ജൂലിയൻ അൽവാരസ്, അന്‍റോണിയോ ഗ്രീസ്മാൻ, മാർകോസ് ലോറന്‍റെ, അലക്സാണ്ടർ സോർലോത്ത് എന്നിവരാണ് അത്ലറ്റികോയുടെ സ്കോറർമാർ. ഏപ്രിലിലാണ് രണ്ടാംപാദ മത്സരം. കളി തുടങ്ങി 50ാം സെക്കൻഡിൽതന്നെ അത്ലറ്റികോ ബാഴ്സയെ ഞെട്ടിച്ചു. മുൻ മാഞ്ചസ്റ്റർ സിറ്റി താരം അൽവാരസാണ് ടീമിന് ലീഡ് നേടികൊടുത്തത്.
ഗോൾ വീണതിന്‍റെ ആഘാതത്തിൽനിന്ന് മുക്തമാകുന്നതിനു മുമ്പേ വീണ്ടും അത്ലറ്റികോയുടെ പ്രഹരം. ആറാം മിനിറ്റിൽ മുൻ ബാഴ്സ താരം കൂടിയായ ഗ്രീസ്മാനാണ് ലീഡ് ഉയർത്തിയത്. തുടക്കത്തിലെ തിരിച്ചടിയിൽനിന്ന് ബാഴ്സ പതിയ മത്സരത്തിലേക്ക് തിരിച്ചെത്തി. 19ാം മിനിറ്റിൽ പെഡ്രിയിലൂടെ ബാഴ്സ ഒരു ഗോൾ മടക്കി. 21ാം മിനിറ്റിൽ കുബാർസിയുടെ ഹെഡ്ഡർ ഗോളിലൂടെ ആതിഥേയർ മത്സരത്തിൽ ഒപ്പമെത്തി. 41ാം മിനിറ്റിൽ മറ്റൊരു ഹെഡ്ഡർ ഗോളിലൂടെ ഇനിഗോ മാർട്ടിനെസ് ബാഴ്സയെ മുന്നിലെത്തിച്ചു. രണ്ടു ഗോളുകൾക്കും അസിസ്റ്റ് നൽകിയത് ബ്രസീൽ താരം റാഫിഞ്ഞ. 3-2 എന്ന സ്കോറിനാണ് ഇടവേളക്കു പിരിഞ്ഞത്.
74ാം മിനിറ്റിൽ പകരക്കാരനായി കളത്തിലെത്തിയ ലെവൻഡോവ്സ്കിയും വലകുലുക്കിയതോടെ വിജയം ബാഴ്സക്കൊപ്പമെന്ന് ഏവരും ഉറപ്പിച്ചു. കൗമാര താരം ലമീൻ യമാലാണ് ഗോളിന് വഴിയൊരുക്കിയത്. എന്നാൽ, 84ാം മിനിറ്റിൽ ലോറന്‍റെയുടെ ഗോളിലൂടെ അത്ലറ്റികോ ഒരു ഗോൾ മടക്കി. ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ (90+3) പകരക്കാരൻ സോർലോത്താണ് സന്ദർശകർക്ക് നാടകീയ സമനില നേടി കൊടുത്തത്. വ്യാഴാഴ്ച പുലർച്ചെ നടക്കുന്ന രണ്ടാം സെമിയിൽ കരുത്തരായ റയൽ മഡ്രിഡ്, റയൽ സോസിഡാഡുമായി ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.