‘ഞങ്ങളാണ് മികച്ച ടീം, ഇനിയെങ്കിലും ബഹുമാനിക്കൂ...’; തകർപ്പൻ ജയത്തിനു പിന്നാലെ റാഫിഞ്ഞക്ക് മറുപടിയുമായി ഡി പോൾ

ബ്യൂണസ് ഐറിസ്: ബ്രസീൽ-അർജന്‍റീന മത്സരം കളത്തിലും ആരാധകരുടെ മനസ്സിലും ആവേശം നിറക്കാറുണ്ട്. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും പതിവ് തെറ്റിയില്ല.

ഗോളടിയും തമ്മിലടിയുമായി നാടകീയമായിരുന്നു മത്സരം. മത്സരത്തിനിടെ ഇരു ടീമുകളിലെയും താരങ്ങൾ കൈയാങ്കളിയുടെ വക്കിലെത്തിയത് നാടകീയ നിമിഷങ്ങൾ സമ്മാനിച്ചു. ഇടവേളക്കു പിരിയുന്ന സമയത്തും താരങ്ങൾ നേർക്കുനേരെ വന്നിരുന്നു. മത്സരത്തിനു മുമ്പേ താരങ്ങൾ നടത്തിയ പ്രകോപനപരമായ പ്രസ്താവനകളും ആവേശത്തിന് തീ പടർത്തിയിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ബ്രസീൽ താരം റാഫിഞ്ഞ നടത്തിയ പരാമർശമായിരുന്നു.

‘സംശയമില്ല, ഞങ്ങൾ അർജന്‍റീനയെ തോൽപിക്കും, ഞാൻ ഗോളും അടിക്കും, അതിനി കളിക്കളത്തിലായാലും പുറത്തായാലും’ -ഒരു അഭിമുഖത്തിൽ റാഫിഞ്ഞ പറഞ്ഞു. എന്നാൽ, കളത്തിൽ അതൊന്നും കണ്ടില്ല. താരത്തെ ശരിക്കും പൂട്ടി. ഫലം കാണിക്കുന്നതുപോലെ തീർത്തും ഏകപക്ഷീയമായിരുന്നു മത്സരം. സൂപ്പർതാരം ലയണൽ മെസ്സിയില്ലാതെയും പന്തടക്കത്തിലും ഷോട്ടുകളിലും മത്സരത്തിലുടനീളം അർജന്‍റീനയുടെ ആധിപത്യം പ്രകടമായിരുന്നു. ബ്രസീൽ പ്രതിരോധത്തിലെ പിഴവുകളാണ് ടീമിന് തിരിച്ചടിയായത്. മറുവശത്ത് അർജന്‍റീന രാജകീയമായി തന്നെ ലോകകപ്പ് യോഗ്യത ഉറപ്പാക്കി.

മത്സരശേഷം അർജന്റീന താരം റോഡ്രിഗോ ഡി പോൾ, റാഫിഞ്ഞക്കുള്ള മറുപടിയും നൽകി. കഠിനാധ്വാനത്തിലൂടെയും വിജയത്തിലൂടെയും ആണ് അർജന്റീന അവർക്കുള്ള ബഹുമാനം നേടിയെടുത്തത് എന്ന് വ്യക്തമാക്കി. ‘ഞങ്ങൾക്ക് എന്ത് ചെയ്യാനാകുമെന്ന് കളത്തിൽ കാണിച്ചു തന്നു. ഞങ്ങൾ ആരോടും അനാദരവ് കാണിക്കാറില്ല. ഈ വർഷങ്ങളിലെല്ലാം, ഞങ്ങളോടാണ് പലരും അനാദരവ് കാണിച്ചത്. ആരും സഹായിച്ചില്ല. ഞങ്ങൾ എല്ലാം സ്വന്തമായി നേടിയെടുത്തതാണ്. ഞങ്ങൾ അത് തെളിയിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ആറ് വർഷമായി, ഞങ്ങളാണ് ഏറ്റവും മികച്ച ടീം. അവർ ഞങ്ങളെ ബഹുമാനിക്കട്ടെ’ -മധ്യനിര താരം ഡി പോൾ പ്രതികരിച്ചു.

ലോകകപ്പ് യോഗ്യത നേടാനായെങ്കിലും ഇനിയും മത്സരങ്ങൾ ബാക്കിയുണ്ട്. നേരത്തെ പറഞ്ഞിരുന്നു, സൗഹൃദ മത്സരമോ, യോഗ്യത മത്സരോ, ഫൈനലോ ആവട്ടെ, എല്ലാ മത്സരങ്ങളും തങ്ങൾക്ക് ഒരുപോലെയാണ്. ലോകകപ്പ് അകലെയാണ്, അതുകൊണ്ട് ക്ലബ് മത്സരങ്ങളിലും ജൂണിൽ നടക്കുന്ന മത്സരങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അർജന്‍റീന കാനറികളുടെ ചിറകരിഞ്ഞത്. തോൽവിയോടെ മുൻ ചാമ്പ്യന്മാർ തെക്കൻ അമേരിക്കൻ റൗണ്ടിൽ നാലാം സ്ഥാനത്തേക്ക് വീണു.ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അലിസ്റ്റർ, പകരക്കാരൻ ഗിലിയാനോ സിമിയോണി എന്നിവരാണ് അർജന്‍റീനക്കായി വലകുലുക്കിയത്. മാത്യൂസ് കുൻഹയുടെ വകയായിരുന്നു ബ്രസീലിന്‍റെ ആശ്വാസ ഗോൾ.

Tags:    
News Summary - Argentina star De Paul delivers humble message to Raphinha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.