സ്പാനിഷ് ലാലിഗയിൽ കിരീട പോരാട്ടത്തിൽ എതിരാളികളില്ലാതെ ബാഴ്സലോണ. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനെതിരായ എൽക്ലാസികോയും 2-1ന് ജയിച്ചുകയറിയതോടെ 12 പോയന്റ് ലീഡിലേക്ക് അവർ മുന്നേറി. കളി അവസാനിക്കാനിരിക്കെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ഫ്രാങ്ക് കെസ്സിയാണ് കറ്റാലന്മാർക്ക് വിജയഗോൾ സമ്മാനിച്ചത്.
സൂപ്പർ താരം കരിം ബെൻസേമയുടെ ഗോൾശ്രമത്തോടെയാണ് കളി ഉണർന്നത്. പെനാൽറ്റി ഏരിയക്ക് പുറത്തുനിന്നുള്ള ഷോട്ട് ബാഴ്സ ഗോൾകീപ്പർ ടെർസ്റ്റീഗൻ തടഞ്ഞു. എന്നാൽ, ഒമ്പതാം മിനിറ്റിൽ ബാഴ്സ താരത്തിന്റെ സെൽഫ് ഗോളിൽ റയൽ ലീഡ് പിടിച്ചു. വിനീഷ്യസ് ജൂനിയർ ബോക്സിലേക്കിട്ട ക്രോസ് ബാഴ്സ താരം റൊണാൾഡ് അരൗജോ ഹെഡ് ചെയ്ത് ഒഴിവാക്കാൻ ശ്രമിച്ചത് സ്വന്തം വലയിൽ പതിക്കുകയായിരുന്നു. തുടർന്ന് തിരിച്ചടിക്കാൻ കിണഞ്ഞു ശ്രമിച്ച ബാഴ്സക്കായി റോബർട്ട് ലെവൻഡോസ്കിയുടെ ഷോട്ടും റഫീഞ്ഞയുടെ ഹെഡറും റയൽ ഗോൾകീപ്പർ തിബോ കുർട്ടോ രക്ഷപ്പെടുത്തി.
എന്നാൽ, ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബാഴ്സ തിരിച്ചടിച്ചു. 45ാം മിനിറ്റിൽ റഫീഞ്ഞയുടെ ഗോൾ ശ്രമം തടയപ്പെട്ടതോടെ സെർജി റോബർട്ടോക്ക് ലഭിച്ച പന്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. 74ാം മിനിറ്റിലും റഫീഞ്ഞയുടെ ഷോട്ട് അതിമനോഹരമായി കുർട്ടോ തട്ടിത്തെറിപ്പിച്ചു. ഫ്രാങ്ക് കെസ്സിയുടെ വിജയഗോൾ വരുന്നതിന് മുമ്പ് മാർകോ അസൻസിയോ ബാഴ്സ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡിൽ കുടുങ്ങിയത് റയലിന് തിരിച്ചടിയായി. പകരക്കാരനായെത്തിയ കെസ്സിയുടെ ഗോൾ ബാഴ്സക്ക് നിർണായക വിജയവും സമ്മാനിച്ചു.
2018-19 സീസണിന് ശേഷം കിരീടത്തിലേക്കുള്ള കുതിപ്പിലാണ് ബാഴ്സ. ഒന്നാമതുള്ള ബാഴ്സക്ക് 68ഉം രണ്ടാമതുള്ള റയലിന് 56ഉം പോയന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള അത്‍ലറ്റികോ മാഡ്രിഡിന് 51 പോയന്റുണ്ട്. ഇതുവരെ 26 തവണ ലാലിഗയിൽ ബാഴ്സ ജേതാക്കളായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.