ബാഴ്സലോണ: അർജന്‍റൈൻ താരത്തെ നോട്ടമിട്ട് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ. സമ്മർ ട്രാൻസ്ഫർ വിപണിയിൽ അത്ലറ്റികോ മഡ്രിഡിന്‍റെ ജൂലിയൻ അൽവാരസിനെ ക്ലബിലെത്തിക്കാനാണ് കറ്റാലൻസ് നീക്കം. ഒരു സ്ട്രൈക്കറെ ടീമിലെത്തിക്കാനാണ് ടീം ശ്രമിക്കുന്നത്.
അൽവാരസാണ് ക്ലബിന്‍റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. 60 മില്യൺ യൂറോയാണ് (ഏകദേശം 545 കോടി രൂപ) വാഗ്ദാനം. കൂടാതെ, കരാറിന്‍റെ ഭാഗമായി ഫെറാൻ ടോറസിനെ കൈമാറാനും ക്ലബ് തയാറാണ്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽനിന്നാണ് അൽവാരസ് അത്ലറ്റികോയിലെത്തുന്നത്. സീസണിന്‍റെ തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ച താരം ഇപ്പോൾ തകർപ്പൻ ഫോമിലാണ്. മഡ്രിഡ് ക്ലബിനായി വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി 39 മത്സരങ്ങളിൽനിന്ന് 20 ഗോളുകളാണ് അൽവാരസ് അടിച്ചുകൂട്ടിയത്. അഞ്ചു അസിസ്റ്റുകളും 25കാരന്‍റെ പേരിലുണ്ട്.
പ്രീമിയർ ലീഗിൽ മോശം ഫോമിലുള്ള മാഞ്ചസ്റ്റർ യുനൈറ്റഡും അൽവാരസിനായി നീക്കം നടത്തുന്നുണ്ട്. യുനൈറ്റഡിന്‍റെ വെല്ലുവിളി മറികടക്കാനാണ് ബാഴ്സ ഇത്രയും വലിയ തുകയും മറ്റൊരു താരത്തെയും വാഗ്ദാനം ചെയ്തിരിക്കുന്നത്. റോബർട്ട് ലെവൻഡോവ്സ്കി കരിയറിന്‍റെ അവസാനത്തിലേക്ക് കടക്കുന്നതിനാൽ താരത്തിന്‍റെ വിടവ് നികത്തുന്ന ഒരു സ്ട്രൈക്കറെയാണ് ബാഴ്സ അന്വേഷിക്കുന്നത്. കൂടാതെ, ഒരു സെന്‍റർ ഫോർവേഡ് താരത്തെയും സ്പാനിഷ് ക്ലബ് നോക്കുന്നുണ്ട്.
ലിവർപൂളിന്‍റെ ഉറുഗ്വായ് താരം ഡാർവിൻ ന്യൂനസ് ഉൾപ്പെടെയുള്ള താരങ്ങൾ റഡാറിലുണ്ടെങ്കിലും അൽവാരസാണ് ഏറ്റവും മികച്ച സെലക്ഷനെന്നാണ് ബാഴ്സയുടെ വിലയിരുത്തൽ. തങ്ങളുടെ വാഗ്ദാനത്തിൽ അത്ലറ്റികോ വീഴുമെന്ന കണക്കുകൂട്ടലിലാണ് ബാഴ്സ. നിലവിൽ ലാ ലിഗയിൽ 25 മത്സരങ്ങളിൽനിന്ന് 54 പോയന്‍റുമായി ഒന്നാമതാണ്. രണ്ടാമതുള്ള റയൽ മഡ്രിഡിന് 54 പോയന്‍റാണെങ്കിലും ഗോൾ വ്യത്യാസത്തിലാണ് മുന്നിലെത്തിയത്. 53 പോയന്‍റുമായി അത്ലറ്റിക് മഡ്രിഡാണ് മൂന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.