റയലിനെ മറികടന്ന് ബാഴ്സ ഒന്നാമത്; റയോ വയ്യകാനോയെ വീഴ്ത്തിയത് ഒറ്റ ഗോളിന്

റയലിനെ മറികടന്ന് ബാഴ്സ ഒന്നാമത്; റയോ വയ്യകാനോയെ വീഴ്ത്തിയത് ഒറ്റ ഗോളിന്

ബാഴ്സലോണ: ലാ ലിഗയിൽ ബദ്ധവൈരികളായ റയൽ മഡ്രിഡിനെ മറികടന്ന് ബാഴ്സലണോ വീണ്ടും ഒന്നാമത്. നിർണായക മത്സരത്തിൽ റയോ വയ്യകാനോയെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയതോടെയാണ് കറ്റാലൻസ് ഡിസംബറിനുശേഷം വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്.

ബാഴ്സക്കും റയലിനും 51 പോയന്‍റാണെങ്കിലും ഗോൾ വ്യത്യാസത്തിലാണ് ആൻസി ഫ്ലിക്കും സംഘവും മുന്നിലെത്തിയത്. കഴിഞ്ഞ മത്സരങ്ങളിൽ റയലും അത്ലറ്റികോ മഡ്രിഡും സമനില വഴങ്ങിയതാണ് ബാഴ്സക്ക് അനുകൂലമായത്. 28ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ പോളിഷ് സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കിയാണ് ബാഴ്സയുടെ വിജയ ഗോൾ നേടിയത്. സീസണിൽ താരത്തിന്‍റെ 20 ലീഗ് ഗോളാണിത്. ഇനിഗോ മാർട്ടിനെസിനെ ബോക്സിനുള്ളിൽ റയോ മധ്യനിരതാരം പാത്തെ കിസ്സ് ഫൗൾ ചെയ്തതിനാണ് വാർ പരിശോധനയിലൂടെ ബാഴ്സക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്.

രണ്ടാം പകുതിയിൽ ബാഴ്സക്ക് ലീഡ് ഉയർത്താനുള്ള ഒന്നിലധികം അവസരങ്ങൾ ലഭിച്ചെങ്കിലും നീക്കങ്ങളൊന്നും ഗോളിലെത്തിയില്ല. സ്വന്തം തട്ടകത്തിൽ ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനം ബാഴ്സക്ക് പുറത്തെടുക്കാനായില്ല. ഭാഗ്യം കൊണ്ടു മാത്രമാണ് സമനില വഴങ്ങാതിരുന്നത്. മൂന്നാഴ്ച മുമ്പുവരെ റയലിനേക്കാൾ ഏഴു പോയന്‍റ് പിന്നിലായിരുന്നു ബാഴ്സ. 24 മത്സരങ്ങളിൽനിന്ന് 16 ജയവും അഞ്ചു തോൽവിയും മൂന്നു സമനിലയുമായി 51 പോയന്‍റാണ് ബാഴ്സക്ക്.

റയലിന് ഇത്രയും മത്സരങ്ങളിൽനിന്ന് 15 ജയവും മൂന്നു തോൽവിയും ആറു സമനിലയും. 50 പോയന്‍റുമായി അത്ലറ്റികോ മഡ്രിഡ് മൂന്നാമതാണ്. ലീഗിൽ കിരീട പോരാട്ടം കൂടുതൽ ആവേശകരമാകും. 

Tags:    
News Summary - Barcelona return to the top of La Liga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.