ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന പോരാട്ടത്തിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി. എതിരില്ലാത്ത ഒരു ഗോളിന് ബ്രന്റ്ഫോർഡാണ് പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങിയ സിറ്റിയെ തോൽപിച്ചത്. 85ാം മിനിറ്റിൽ ഏതൻ പിനോക്ക് ആണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. അതേസമയം, ലീഗിൽ കിരീട പോരാട്ടത്തിൽ സിറ്റിക്ക് വെല്ലുവിളിയായിരുന്ന ആഴ്സണൽ എതിരില്ലാത്ത അഞ്ച് ഗോളിന് വോൾവ്സിനെ കീഴടക്കി അവസാന പോരാട്ടം അവിസ്മരണീയമാക്കി. 11, 14 മിനിറ്റുകളിൽ ഗ്രാനിറ്റ് സാക നേടിയ ഇരട്ട ഗോളുകളിൽ തുടക്കത്തിലേ ലീഡ് നേടിയ ഗണ്ണേഴ്സിനായി ബുകായോ സാക, ഗബ്രിയേൽ ജീസസ്, ജാകുബ് കിവിയർ എന്നിവർ ഓരോ ഗോൾ നേടി.
ലിവർപൂളും സതാംപ്ടണും തമ്മിലുള്ള മത്സരം 4-4ന് സമനിലയിൽ പിരിഞ്ഞു. ലിവർപൂളിനായി ഡിയോഗോ ജോട്ട ഇരട്ട ഗോൾ നേടിയപ്പോൾ റോബർട്ടോ ഫിർമിഞ്ഞോ, കോഡി ഗാപ്കോ എന്നിവരും ലക്ഷ്യം കണ്ടു. സതാംപ്ടണായി കമാൽദീൻ സുലേമാന ഇരട്ട ഗോൾ നേടിയപ്പോൾ ജെയിംസ് വാർഡ് പ്രൗസും ആദം ആംസ്ട്രോങ്ങും ഓരോ തവണ വല കുലുക്കി. മാഞ്ചസ്റ്റർ യുനൈറ്റഡ് ഫുൾഹാമിനെ 2-1ന് തോൽപിച്ചു. ജേഡൻ സാഞ്ചോ, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ യുനൈറ്റഡിനായി സ്കോർ ചെയ്തപ്പോൾ കെന്നി ടെറ്റയുടെ വകയായിരുന്നു ഫുൾഹാമിന്റെ ആശ്വാസ ഗോൾ. ടോട്ടൻഹാം ലീഡ്സ് യുനൈറ്റഡിനെതിരെ 4-1ന്റെ തകർപ്പൻ ജയം നേടി. ടോട്ടൻ ഹാമിനായി ക്യാപ്റ്റൻ ഹാരി കെയ്ൻ ഇരട്ട ഗോൾ നേടിയപ്പോൾ പെഡ്രോ പോറോ, ലുകാസ് മൗര എന്നിവർ ഓരോ ഗോൾ നേടി. ജാക് ഹാരിസണാണ് ലീഡ്സിന്റെ ഏക ഗോൾ നേടിയത്.
ലെസസ്റ്റർ സിറ്റി 2-1ന് വെസ്റ്റ് ഹാമിനെയും ആസ്റ്റൻ വില്ല ഇതേ സ്കോറിന് ബ്രൈറ്റനെയും തോൽപിച്ചപ്പോൾ എവർട്ടൺ എതിരല്ലാത്ത ഒരു ഗോളിന് ബേൺമൗത്തിനെ പരാജയപ്പെടുത്തി. ചെൽസി-ന്യൂകാസിൽ മത്സരവും ക്രിസ്റ്റൽ പാലസ്-നോട്ടിങ്ഹാം ഫോറസ്റ്റ് മത്സരവും 1-1ന് സമനിലയിൽ പിരിഞ്ഞു.
ലീഗിലെ 38 മത്സരങ്ങളും അവസാനിച്ചപ്പോൾ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് 89 പോയന്റാണുള്ളത്. ആഴ്സണൽ (84) മാഞ്ചസ്റ്റർ യുനൈറ്റഡ് (75), ന്യൂ കാസിൽ യുനൈറ്റഡ് (71) ടീമുകളാണ് സിറ്റിക്ക് പുറമെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത്. അഞ്ചാമതുള്ള ലിവർപൂളിന് 67ഉം ആറാമതുള്ള ബ്രൈറ്റണ് 62ഉം പോയന്റാണുള്ളത്. ഇവർ യൂറോപ ലീഗിന് യോഗ്യത നേടി. ആസ്റ്റൺ വില്ല (61), ടോട്ടൻഹാം (60), ബ്രന്റ്ഫോർഡ് (59), ഫുൾഹാം (52) ടീമുകളാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റു ടീമുകൾ. ലെസസ്റ്റർ സിറ്റി, ലീഡ്സ് യുനൈറ്റഡ്, സതാംപ്ടൺ എന്നിവ ലീഗിൽനിന്ന് തരംതാഴ്ത്തപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.