പകരമിറങ്ങി 28ാം സെക്കൻഡിൽ ഗോളടിച്ച് അരിബാസ്; ക്ലബ് ലോകകപ്പ് ഫൈനലിൽ റയൽ Vs അൽഹിലാൽ

ക്ലബ് ലോകകപ്പ് ഫൈനലിൽ ആദ്യമായി ഇടംതേടിയിറങ്ങിയ ആഫ്രിക്കൻ കരുത്തരെ ഒന്നിനെതിരെ നാലു ഗോളിന് കശക്കിവിട്ട് യൂറോപ്യൻ ചാമ്പ്യന്മാർ. സൗദി ടീം അൽഹിലാലാകും ശനിയാഴ്ച ​ഫൈനലിൽ റയലിന് എതിരാളികൾ. വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും നിറഞ്ഞാടിയ മത്സരത്തിൽ പകരക്കാരനായിറങ്ങി ആദ്യ ടച്ച് ഗോളാക്കി സെർജിയോ അരിബാസും വീരനായകനായി.

കരുത്തർക്കെതിരെ ആക്രമണത്തെക്കാൾ പ്രതിരോധമാണ് ബുദ്ധിയെന്ന തിരിച്ചറിവിൽ മനോഹരമായി പിടിച്ചുനിന്ന ഈജിപ്ത് ക്ലബിന്റെ കോട്ട തകർത്ത് വിനീഷ്യസ് ജൂനിയർ ഇടവേളക്ക് മൂന്നു മിനിറ്റ് മുമ്പ് റയൽ മഡ്രിഡിനെ മുന്നിലെത്തിച്ചു. പ്രതിരോധം ക്ലിയർ ചെയ്യുന്നതിനിടെ കാലിലെത്തിയ പന്ത് ഗോളിയെ കാഴ്ചക്കാരനാക്കി അനായാസം വലയിലെത്തിക്കുകയായിരുന്നു. വൈകാതെ വിനീഷ്യസ് വിങ്ങിലൂടെ തുടക്കമിട്ട മറ്റൊരു നീക്കത്തിൽ ഫെഡ​റികോ വെൽവെർഡേ ലീഡുയർത്തി. അതിവേഗവും ടീം ഗെയിമും കണ്ട നിമിഷങ്ങളിൽ ആദ്യ ഷോട്ട് അൽഅഹ്‍ലി ഗോളി തടു​ത്തിട്ടെങ്കിലും ഓടിയെത്തിയ വെൽവെർഡേ പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

രണ്ടു ഗോൾ വീണതോടെ കളി കനപ്പിച്ച ആഫ്രിക്കൻ സംഘത്തിന്റെ മുന്നേറ്റം തടയാൻ റയൽ നടത്തിയ ശ്രമം സ്വന്തം വലയിലും പന്തെത്തിച്ചു. ബോക്സിൽ ഫൗൾ ചെയ്ത തടഞ്ഞതിന് അൽഅഹ്‍ലിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി അലി മാലൂൽ വല കുലുക്കുകയായിരുന്നു. പിന്നെയും ഗോളിനരികെയെത്തിയ നീക്കങ്ങളുമായി ഈജിപ്ഷ്യൻ സംഘം ഇരമ്പിയാർത്തപ്പോൾ എന്തും സംഭവിക്കാമെന്നായി. എന്നാൽ, പരിചയസമ്പത്തിന്റെ മികവിൽ രണ്ടെണ്ണം കൂടി അടിച്ചുകയറ്റി റയൽ ജയം ആധികാരികമാക്കി. പുതുമുഖ താരങ്ങളായ ​റോഡ്രിഗോ, സെർജിയോ അരിബാസ് എന്നിവരുടെ വകയായിരുന്നു ഗോളുകൾ.

87ാം മിനിറ്റിൽ ലൂക മോഡ്രിച് എടുത്ത പെനാൽറ്റി അൽഅഹ്‍ലി ഗോളി മുഹമ്മദ് അൽഷിനാവി തടുത്തിട്ടതും ശ്രദ്ധേയമായി.

ആദ്യ സെമിയിൽ ബ്രസീൽ ചാമ്പ്യൻ ക്ലബായ ​ഫ്ലാമിംഗോയെ വീഴ്ത്തിയായിരുന്നു അൽഹിലാൽ ഫൈനലിൽ കടന്നത്. സെമിയിൽ തോറ്റ ഫ്ലാമിംഗോയും അൽഅഹ്‍ലിയും മൂന്നാം സ്ഥാനത്തിനായി പോരാടും. ലൂസേഴ്സ് ഫൈനലും ശനിയാഴ്ചയാണ്.

10 തവണ ആഫ്രിക്കൻ ചാമ്പ്യന്മാരായ അൽഅഹ്‍ലി 2006, 2020, 2021 വർഷങ്ങളിൽ മൂന്നാം സ്ഥാനക്കാരായിരുന്നു. 

Tags:    
News Summary - Club World Cup: Egypt's Al Ahly lose to Real Madrid in semi-final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.