ഇംഗ്ലണ്ടിനെ നാണംകെടുത്തിയ ‘ഇന്ത്യക്കാരൻ’! ആരാണ് കിവീസിന്‍റെ യുവ ഓൾ റൗണ്ടർ രചിൻ രവീന്ദ്ര‍?

അഹ്മദാബാദ്: ആ കണക്കുവീട്ടി...2019 ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് ഇംഗ്ലണ്ടിനോട് ന്യൂസിലൻഡ് പകരംവീട്ടി. ഉദ്ഘാടന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് കിവീസ് ചാമ്പ്യന്മാരെ നാണംകെടുത്തിയത്.

ഇന്ത്യ ആദ്യമായി ഒറ്റക്ക് ആതിഥ്യം വഹിക്കുന്ന ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിനായി കളം നിറഞ്ഞ് കളിച്ച് ഇന്ത്യൻ വേരുകളുള്ള യുവ ഓൾ റൗണ്ടർ രചിൻ രവീന്ദ്ര വരവറിയിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് കുറിച്ച 283 റൺസ് വിജയലക്ഷ്യം രചിന്റെയും (96 പന്തിൽ 123*) ഡ‍െവൻ കോൺവേയുടെയും (121 പന്തിൽ 152*) സെഞ്ച്വറി കരുത്തിലാണ് ന്യൂസിലൻഡ് മറികടന്നത്. ഒമ്പത് വിക്കറ്റിനായിരുന്നു ജയം. രചിനും കോൺവേയും ചേർന്നു രണ്ടാം വിക്കറ്റിൽ 273 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

ലോകകപ്പ് ചരിത്രത്തിൽ ഏതൊരു വിക്കറ്റിലും ന്യൂസീലൻഡിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്. 82 പന്തിലാണ് രചിൻ കരിയറിലെ ആദ്യ സെഞ്ച്വറി കുറിച്ചത്. മത്സരത്തിൽ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിന്‍റെ നിർണായക വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു. കിവീസിനായി ലോകകപ്പിൽ സെഞ്ച്വറി കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് രചിൻ. 13 ഏകദിനങ്ങളുടെ മാത്രം അനുഭവപരിചയമുള്ള താരം കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ തന്‍റെ ക്ലാസ് പ്രകടനവും പ്രതിഭയും ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയിരിക്കുന്നു.

ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരുപോലെ തിളങ്ങാൻ കഴിയുന്ന രചിൻ ഈ ലോകകപ്പിലെ മികച്ച താരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

രാഹുലിന്‍റെ രാ + സചിന്‍റെ ചിൻ =രചിൻ

ഇന്ത്യൻ ദമ്പതികളുടെ മകനായി 1999 നവംബർ 18നാണ് ന്യൂസിലാൻഡിലെ വെല്ലിങ്ടണിൽ രചിൻ ജനിക്കുന്നത്. ഇടങ്കൈയൻ ബാറ്ററും സ്പിന്നറുമായ രചിൻ രണ്ടു വർഷം മുമ്പ് കാൺപുരിൽ ഇന്ത്യക്കെതിരെയാണ് ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. ബംഗളൂരു സ്വദേശിയായ പിതാവ് രവി കൃഷ്ണമൂർത്തി സോഫ്റ്റ് വെയർ ആർക്കിടെക്ചറാണ്. ന്യൂസിലാൻഡിലേക്ക് കുടിയേറുന്നതിനു മുമ്പ് പിതാവ് ബംഗളൂരിവിൽ ക്ലബ് തലത്തിൽ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. രാഹുൽ ദ്രാവിഡിന്റെയും സചിൻ തെണ്ടുൽക്കറിന്റെയും കടുത്ത ആരാധകരായ രക്ഷിതാക്കൾ ഇഷ്ട താരങ്ങളുടെ പേരുകൾ കൂട്ടിയിണക്കിയാണ് മകന് രചിൻ എന്ന് പേരിട്ടത്.

അത് ഒട്ടും യാദൃശ്ചികമായില്ല! ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ സൂപ്പർതാരങ്ങളോട് കിടപിടിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. അഞ്ച് സിക്സും 11 ഫോറുമാണ് രചിന്റെ ബാറ്റിൽനിന്നു പിറന്നത്. ക്രീസിൽ നിലയുറപ്പിച്ച കോൺവേയും രചിനും കിവീസിന് സമ്മാനിച്ചത് ടീം ചരിത്രത്തിലെ മികച്ച വിജയങ്ങളിലൊന്ന്. ഇന്നിങ്സിന്റെ ഒരുഘട്ടത്തിൽ പോലും ഇരുവർക്കും വെല്ലുവിളിയാകാൻ ഇംഗ്ലീഷ് ബൗളർമാർക്കായില്ല.

2019 ജൂലൈ 14ന് ഇംഗ്ലണ്ട്-ന്യൂസിലൻഡ് ലോകകപ്പ് ഫൈനൽ നടക്കുമ്പോൾ രചിൻ ബംഗളൂരുവിലായിരുന്നു. അന്ന് 19 വയസ്സാണ് പ്രായം. പിതാവിന്‍റെ ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് ക്ലബ് താരങ്ങൾക്കൊപ്പമാണ് അന്ന് ബംഗളൂരുവിലെത്തിയത്. നഗരത്തിലെ ഒരു ഹോട്ടലിലിരുന്നാണ് ഫൈനൽ മത്സരം കണ്ടത്. ഇംഗ്ലണ്ടിനു മുന്നിൽ സ്വന്തം രാജ്യം തോൽവി ഏറ്റുവാങ്ങുമ്പോൾ താരം കണ്ണീരണിഞ്ഞു. തൊട്ടടുത്ത ലോകകപ്പിൽ കിവീസ് ടീമിലെ പ്രധാന താരങ്ങളിലൊരാളായി ഇന്ത്യയിലെത്തുമ്പോൾ അന്ന് കൈവീട്ട കിരീടം ഇത്തവണ കൂടെകൊണ്ടുപോകാമെന്ന പ്രതീക്ഷയിലാണ് രചിൻ.

Tags:    
News Summary - Who Is Rachin Ravindra? The Karnataka Native NZ All-Rounder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.