ഡുറാൻഡ് കപ്പിൽ മുത്തമിട്ട് നോർത്ത് ഈസ്റ്റ്; മോഹൻ ബഗാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ആദ്യ കിരീടം

കൊൽക്കത്ത: ഡുറാൻഡ് കപ്പിൽ ആദ്യമായി മുത്തമിട്ട് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. ആവേശകരമായ ഫൈനൽപോരാട്ടത്തിൽ വമ്പന്മാരായ മോഹൻബഗാൻ സൂപ്പർ ജയന്റ്സിനെ കൊൽക്കത്തയുടെ മണ്ണിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് നോർത്ത് ഈസ്റ്റ് കിരീടം നേടിയത്. സ്കോർ: 4-3

ഗുർമീത് സിങ്ങിന്‍റെ തകർപ്പൻ സേവുകളാണ് നോർത്ത് ഈസ്റ്റിനെ കിരീടത്തിലെത്തിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടു സേവുകൾ നടത്തി രക്ഷകനായി. ടൂർണമെന്‍റിലെ മികച്ച ഗോൾ കീപ്പറായും ഗുർമീത് തെരഞ്ഞെടുക്കപ്പെട്ടു. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. 18ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ മോഹൻ ബഗാൻ ആദ്യ പകുതിയിൽ രണ്ടു ഗോളിന്‍റെ ലീഡ് നേടിയശേഷമാണ് മത്സരം കൈവിട്ടത്. ജാസൺ കമ്മിങ്സ് (11ാം മിനിറ്റിൽ പെനാൽറ്റി), മലയാളി താരം സഹൽ അബ്ദുൽ സമദ് (45+) എന്നിവരാണ് കൊൽക്കത്തൻ ക്ലബിനായി വലകുലുക്കിയത്. എന്നാൽ രണ്ടാം പകുതിയിൽ അലെദ്ദീൻ അജറായി (55ാം മിനിറ്റിൽ), പകരക്കാരൻ ഗ്വില്ലർമോ ഫെർണാണ്ടസും (58ാം മിനിറ്റിൽ) എന്നിവരുടെ ഗോളിലൂടെ നോർത്ത് ഈസ്റ്റ് മത്സരത്തിൽ ഒപ്പമെത്തി.

വിജയ ഗോളിനായി ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഫലമുണ്ടായില്ല. നിശ്ചിത സമയം സമനിലയിൽ പിരിഞ്ഞതോടെ വിജയികളെ തീരുമാനിക്കാൻ പെനാൽറ്റി ഷൂട്ടൗട്ട്. മോഹൻ ബഗാനായി ലിസ്റ്റൻ കൊളാസോ, സുഭാഷിഷ് ബോസ് എന്നിവർ അവസരം നഷ്ടപ്പെടുത്തി. നോർത്ത് ഈസ്റ്റിനായി കിക്കെടുത്ത എല്ലാവരും പന്ത് ലക്ഷ്യത്തിലെത്തിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്‍റെ നോഹ് സദോയി ടൂർണമെന്‍റിലെ ടോപ് സ്കോറർക്കുള്ള സുവർണ പാദുകം സ്വന്തമാക്കി.

സെമിഫൈനലിൽ രണ്ട് ഗോളിന് പിന്നിലായിട്ടും തകർപ്പൻ തിരിച്ചുവരവിലൂടെ 4-3ന് ബംഗളൂരു എഫ്.സിയെ തോൽപിച്ചാണ് ഫൈനലിലേക്ക് ബഗാൻ ടിക്കറ്റെടുത്തത്. ഷില്ലോങ് ലജോങ് എഫ്.സിയെ 3-0ന് തകർത്താണ് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് ആദ്യമായി ഫൈനലിലെത്തിയത്.

Tags:    
News Summary - Durand Cup 2024: NorthEast United FC beat Mohun Bagan SG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.