സ്പാനിഷ് ലീഗിൽ റയൽ വയാഡോലിഡിനെ ഗോളിൽ മുക്കി ബാഴ്സലോണ. ബ്രസിൽ താരം റാഫീഞ്ഞയുടെ ഹാട്രിക് മികവിൽ മറുപടിയില്ലാത്ത ഏഴു ഗോളുകൾക്കാണ് ബാഴ്സ എതിരാളികളെ കശക്കിയെറിഞ്ഞത്.
തുടർച്ചയായ നാലാം ജയത്തോടെ ലീഗിൽ ഒന്നാമതുള്ള ബാഴ്സക്ക് റയൽ മഡ്രിഡിനേക്കാൾ ഏഴു പോയന്‍റിന്‍റെ ലീഡായി. സീസണിന്‍റെ തുടക്കത്തിലെ നാലു മത്സരങ്ങളും ജയിക്കുന്ന ഒരേയൊരു ടീമാണ് ഹാൻസി ഫ്ലിക്കിന്‍റെ സംഘം. റോബർട്ട് ലെവൻഡോവ്സ്കി, ജുല്‍സ് കുന്‍ഡെ, ഡാനി ഒൾമോ, ഫെറാൻ ടോറസ് എന്നിവരും വലകുലുക്കി. മത്സരത്തിന്റെ 20ാം മിനിറ്റിലാണ് ബാഴ്സ ഗോൾവേട്ട തുടങ്ങുന്നത്.
പോ കുർബാസിയുടെ അസിസ്റ്റിൽ റാഫീഞ്ഞയാണ് ആദ്യം അക്കൗണ്ട് തുറന്നത്. 24-ാം മിനിറ്റിൽ ലെവൻഡോവ്സ്കിയിലൂടെ ലീഡ് വർധിപ്പിച്ചു. കൗമാര താരം ലമിൻ യമാലാണ് ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഫ്രഞ്ച് താരം ജുൽസ് കുൻഡെ മൂന്നാം ഗോൾ നേടി. രണ്ടാം പകുതിയിൽ 64, 72 മിനിറ്റുകളിൽ വലകുലുക്കി റാഫീഞ്ഞ ഹാട്രിക് തികച്ചു. താരത്തിന്‍റെ മൂന്നാം ഗോളിന് വഴിയൊരുക്കിയത് യമാലാണ്. 81ാം മിനിറ്റിൽ ഡാനി ഒൾമോയും 85ാം മിനിറ്റിൽ ഫെറാൻ ടോറസും പട്ടിക പൂർത്തിയാക്കി.
മത്സരത്തിൽ പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ബാഴ്സയുടെ സമ്പൂർണ ആധിപത്യമായിരുന്നു. 70 ശതമാനമാണ് പന്ത് കൈവശം വെച്ചത്. മൊത്തം ഷോട്ടുകൾ 24 എണ്ണം. വയാഡോലിഡിന്‍റെ കണക്കിൽ നാലെണ്ണം മാത്രം. സീസണിൽ ഇതുവരെ 13 ഗോളുകളാണ് ബാഴ്സ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.