ചാമ്പ്യൻസ് ലീഗ്: ആദ്യ റൗണ്ടിൽ വമ്പന്മാരുടെ പോര്

മ്യൂണിക്: പുതിയ ഫോർമാറ്റിൽ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫിക്ചറായി. ടൂർണമെന്റിന്റെ ആദ്യഘട്ടത്തിൽ തന്നെ വമ്പൻമാർ ഏറ്റുമുട്ടുന്നത് കൊണ്ട് ഇക്കുറി ലീഗിന്റെ തുടക്കം മുതൽ തന്നെ കളിക്കളങ്ങളിൽ തീപാറുമെന്ന് ഉറപ്പ്.

നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് ആദ്യ റൗണ്ടിൽ ബൊറൂസിയ ഡോർട്മുണ്ട്, എ.സി മിലാൻ, ലിവർപൂൾ എന്നിവരാണ് പ്രധാന ഏതിരാളികൾ.ലീഗിലെ വമ്പൻമാരായ ബാഴ്സലോണ ബയേൺ മ്യൂണിക്കുമായും ഡോർട്ട്മുണ്ടുമായും ആദ്യഘട്ടത്തിൽ തന്നെ ഏറ്റുമുട്ടും. അറ്റ്ലാന്റയുമായും ബെനിഫിക്കയുമായും ബാഴ്സക്ക് കളിയുണ്ട്. ബയേൺ മ്യൂണിക്കിന് പി.എസ്.ജിയാണ് പ്രധാന എതിരാളി. ആസ്റ്റൺ വില്ലയുമായും ബാഴ്സയുമായും അവർക്ക് കളിയുണ്ട്.

പി.എസ്.ജി മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്ക്, അത്‍ലറ്റികോ മാഡ്രിഡ്, ആഴ്സണൽ തുടങ്ങിയ വമ്പൻ ടീമുകളുമായി ഏറ്റുമുട്ടും. സിറ്റിക്ക് പി.എസ്.ജിക്ക് പുറമേ യുവന്റസുമാണ് പ്രധാന ഏതിരാളികൾ. ലിവർപൂളിന് റയൽ മാഡ്രിഡിന്റേയും എ.സി മിലാന്റേയും വെല്ലുവിളി മറികടക്കേണ്ടി വരും.

ആഴ്സണലിന് പി.എസ്.ജിയും ജിറോണയുമാണ് എതിരാളികൾ. യുവന്റസിന് മാഞ്ചസ്റ്റർ സിറ്റിയുമായും ആസ്റ്റൺ വില്ലയുമായും കളിയുണ്ട്. അത്‍ലറ്റികോ മാഡ്രിഡിന് പി.എസ്.ജിയാണ് പ്രധാന എതിരാളി. ആസ്റ്റൺവില്ലക്ക് ബയേൺ മ്യൂണിക്കും യുവന്റസിന്റേയും വെല്ലുവിളി മറികടക്കേണ്ടി വരും.

അടിമുടി മാറ്റത്തോടെയാണ് ഇക്കുറി ചാമ്പ്യൻസ് ലീഗിലെ മത്സരങ്ങൾ നടക്കുക. ഇതുവരെ നടന്ന ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ ഈ വർഷം മുതൽ ഉണ്ടാകില്ല. ഇതുവരെ 32 ടീമുകളാണ് ചാമ്പ്യൻസ് ലീഗിൽ ഫൈനൽ റൗണ്ടിൽ മത്സരിക്കാറ് എന്നാൽ ഇനിമുതൽ 36 ടീമുകൾ ആയിരിക്കും ചാമ്പ്യൻസ് ലീഗിൽ ഉണ്ടാവുക. ഗ്രൂപ്പ് ഘട്ടത്തിന് പകരം ലീഗ് ആയിട്ടായിരിക്കും ടൂർണമെന്റ് നടക്കുക.

ഇപ്പോൾ ഗ്രൂപ്പിൽ 6 മത്സരങ്ങൾ കളിക്കുന്നതിനു പകരം ചാമ്പ്യൻസ് ലീഗൽ തുടക്കത്തിൽ എട്ടു മത്സരങ്ങൾ ലീഗ് ഘട്ടത്തിൽ ഒരോ ടീമും കളിക്കും. വ്യത്യസ്ത ടീമുകളുമായിട്ടായിരിക്കും മത്സരം. നാല് ഹോം മത്സരങ്ങളും നാല് എവേ മത്സരങ്ങളുമാണ് ടീമുകൾക്കുണ്ടാവും. ഇതിന് ശേഷം 36 ടീമുകളേയും പോയിന്റിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കും. ആദ്യ എട്ട് ടീമുകൾ നേരിട്ട് തന്നെ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടും. ഒമ്പത് മുതൽ 24 വരെ സ്ഥാനത്തുള്ളവർ പ്ലേ ഓഫ് കളിക്കും. ഇതിൽ വിജയിക്കുന്നവരാവും പ്രീ ക്വാർട്ടറിലെ മറ്റ് ടീമുകൾ.

Tags:    
News Summary - UEFA Champions League 2024/25 Draw highlights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.