ഹാട്രിക് ഹാലൻഡ്! വെസ്റ്റ്ഹാമിനെ വീഴ്ത്തി സിറ്റി തലപ്പത്ത്

ലണ്ടൻ: ഗോൾ മെഷീൻ എർലിങ് ഹാലൻഡിന്‍റെ ഹാട്രിക് മികവിൽ വെസ്റ്റ്ഹാം യുനൈറ്റഡിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് തലപ്പത്ത്.

ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സിറ്റിയുടെ കുതിപ്പ്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഹാലൻഡ് ഹാട്രിക് നേടുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇപ്സ്വിചിനെതിരെയും താരം ഹാട്രിക് നേടിയിരുന്നു. മൂന്നു മത്സരങ്ങളിൽനിന്ന് താരത്തിന്‍റെ ഗോൾ നേട്ടം ഏഴായി. സിറ്റിക്കായി 11ാം തവണയാണ് താരം ഹാട്രിക് തികക്കുന്നത്. തുടർച്ചയായ മൂന്നാം ജയത്തോടെ ഒമ്പത് പോയന്‍റുമായി പെപ് ഗ്വാർഡിയോളയും സംഘവും പോയന്‍റ് പട്ടികയിൽ ഒന്നാമതെത്തി. മൂന്നു മത്സരങ്ങളിൽനിന്ന് ഏഴു പോയന്‍റ് വീതമുള്ള ബ്രൈറ്റണും ആഴ്സണലുമാണ് രണ്ടും മൂന്നൂം സ്ഥാനങ്ങളിൽ.

കളിയിലുടനീളം സിറ്റിയുടെ ആധിപത്യമായിരുന്നു. കിക്കോഫ് ഫിസിൽ മുഴങ്ങി പത്താം മിനിറ്റിൽതന്നെ ഹാലൻഡ് സിറ്റിയെ മുന്നിലെത്തിച്ചു. ബെർണാഡോ സിൽവ നൽകിയ പാസ് സ്വീകരിച്ച ഹാലൻഡ് പന്ത് വലയിലാക്കി. എന്നാൽ, 19ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ വെസ്റ്റ്ഹാം ഒപ്പമെത്തി. ബോക്സിന്‍റെ വലതുപാർശ്വത്തിൽനിന്ന് ജറോഡ് ബോവൻസ് തൊടുത്ത ക്രോസ് റൂബൻ ഡയസിന്‍റെ കാലിൽ തട്ടി പോസ്റ്റിൽ കയറുകയായിരുന്നു. 30ാം മിനിറ്റിൽ ഹാലൻഡിന്‍റെ ഗോളിലൂടെ സിറ്റി വീണ്ടും മുന്നിലെത്തി.

ബോക്സിനുള്ളിൽ റികോ ലൂയിസ് നൽകിയ പന്ത് ഒരു തകർപ്പൻ റോക്കറ്റ് ഷോട്ടിലൂടെയാണ് താരം വലയിൽ കയറ്റിയത്. രണ്ടാം പകുതിയിൽ വെസ്റ്റ്ഹാം ശക്തമായി തിരിച്ചുവന്നെങ്കിലും സിറ്റിയുടെ പ്രതിരോധം തകർക്കാനായില്ല. നിശ്ചിത സമയം അവസാനിക്കാൻ ഏഴു മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് ഹാലൻഡ് മൂന്നാം ഗോൾ നേടുന്നത്. മാത്യൂസ് ന്യൂനസ് നൽകിയ ത്രൂ ബാൾ ഓടിയെടുത്ത് മുന്നേറിയ താരം മുന്നോട്ടുകയറി വന്ന ഗോളിക്കു മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലാക്കി.

മത്സരത്തിൽ 68 ശതമാനവും പന്ത് കൈവശം വെച്ചത് സിറ്റിയായിരുന്നു. 22 തവണയാണ് ഗോളിലേക്ക് ഷോട്ട് തൊടുത്തത്. വെസ്റ്റ്ഹാം 10 തവണയും.

Tags:    
News Summary - Erling Haaland’s hat-trick, Manchester City beat West Ham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.