ബെർലിൻ: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട ഡച്ച് ഫുട്ബാൾ താരം അൻവർ എൽ ഗാസിയെ സസ്പെൻഡ് ചെയ്ത് ജർമൻ ക്ലബ് മെയിൻസ്. ക്ലബ്ബിന് സ്വീകാര്യമല്ലാത്ത നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തെ സസ്പെൻഡ് ചെയ്തത്.
'ഫലസ്തീൻ സ്വതന്ത്രമാകും' എന്ന വരികളോടെയുള്ള പോസ്റ്റാണ് എൽ ഗാസി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. മൊറോക്കൻ വംശജനായ എൽ ഗാസി രണ്ട് തവണ നെതർലൻഡ്സ് ദേശീയ ടീമിൽ കളിച്ചിട്ടുണ്ട്. നേരത്തെ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കും എവർട്ടണിനും വേണ്ടി കളിച്ച താരം സെപ്റ്റംബർ അവസാനത്തിലാണ് മെയിൻസുമായി കരാറിലെത്തിയത്.
ഫലസ്തീനെ പിന്തുണച്ചതിന്‍റെ പേരിൽ മറ്റൊരു ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിന്‍റെ താരമായ നുസൈർ മസ്റൂയിക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ബയേൺ മ്യൂണിക്ക് ഡിഫൻഡറായ നുസൈർ മസ്റൂയി സമൂഹ മാധ്യമങ്ങളിൽ ഫലസ്തീനെ പിന്തുണച്ച് പോസ്റ്റിട്ടിരുന്നു. ഫലസ്തീനെ പിന്തുണച്ച താരത്തെ ക്ലബിൽനിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ജർമൻ പാർലമെന്‍റംഗം രംഗത്തെത്തി. ‘ഇസ്രായേലിന്റെ ക്രൂരതക്കെതിരെ ഫലസ്തീന് പോരാടി ജയിക്കാൻ കഴിയട്ടെ’ എന്ന് കുറിപ്പിട്ട മസ്റൂയിക്കെതിരെ ജർമൻ എം.പി ജൊഹാനസ് സ്റ്റീനിഗറാണ് രംഗത്തുവന്നത്.
ഇസ്രായേൽ അനുകൂലികൾ ഒന്നടങ്കം എതിർപ്പുമായി രംഗത്തുവന്നതോടെ തന്റെ പോസ്റ്റിന് വിശദീകരണവുമായി മസ്റൂയിക്ക് മറ്റൊരു പോസ്റ്റുമായി രംഗത്തുവരേണ്ടിവന്നു. ബയേൺ മ്യൂണിക്കും പിന്നീട് താരത്തിന്റെ നിലപാടിനെതിരെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.