ക്വിറ്റോ: എക്വഡോറിന്റെയും എഫ്.സി സിൻസിനാറ്റിയുടെയും താരം മാർകോ അംഗുലോ അന്തരിച്ചു. 22കാരനായ ഫുട്ബാൾ താരം ആഴ്ചകൾക്കു മുമ്പ് കാറപകടത്തിൽ പരിക്കേറ്റ് അതിഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
മുൻ യൂത്ത് ടീം സഹതാരം റോബർട്ടോ കാബിസാസും അപകടത്തിൽ മരിച്ചിട്ടുണ്ട്. ഒക്ടോബർ ഏഴിന് എക്വഡോറിൽ യാത്ര ചെയ്യവെ മെറ്റൽ ബാരിയറിൽ ഇടിച്ചായിരുന്നു അപകടം. ഡ്രൈവറും കാബിസാസും സംഭവസ്ഥലത്ത് മരിച്ചപ്പോൾ അൻഗുലോ തലക്കേറ്റ പരിക്കുകളുമായി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരണം സ്ഥിരീകരിച്ചത്.
എഫ്.സി സിൻസിനാറ്റിയിൽനിന്ന് വായ്പാടിസ്ഥാനത്തിൽ എക്വഡോർ ലീഗ് ചാമ്പ്യൻ ക്ലബായ എൽ.ഡി.യു ക്വിറ്റോക്ക് വേണ്ടി കളിച്ചുവരികയായിരുന്നു. ക്ലബിനായി 16 മത്സരങ്ങളിൽ ബൂട്ടുകെട്ടി. ദാരുണ അപകടത്തിന് ഒരു ദിവസംമുമ്പ് ഒക്ടോബർ ആറിനാണ് അവസാനമായി കളിച്ചത്.
എക്വഡോർ ദേശീയ ജഴ്സിയിൽ അണ്ടർ 17, അണ്ടർ 20 ടീമുകൾക്കായി കളിച്ച അൻഗുലോ 2022 നവംബറിൽ ഇറാഖിനെതിരായ സൗഹൃദ മത്സരത്തിലാണ് സീനിയർ ദേശീയ ടീമിൽ അരങ്ങേറിയത്. കഴിഞ്ഞ വർഷം മാർച്ചിൽ ആസ്ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തിലടക്കം രണ്ടു തവണ കൂടി എക്വഡോർ നിരയിൽ കളിച്ചു. ഒരു സീസണിൽ അമേരിക്കൻ ലീഗിലും ബൂട്ടുകെട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.