റൊണാൾഡ് കോമാെൻറ മന്ത്രങ്ങളൊന്നും ഫലം കണ്ടില്ല. ലാലിഗയിലെ 'വിധി നിർണയ' പോരാട്ടത്തിൽ റയൽ മഡ്രിഡിനു മുന്നിൽ ബാഴ്സലോണ തവിടുപൊടി. കൊണ്ടും കൊടുത്തും മുന്നേറിയ ആവേശകരമായ മത്സരത്തിൽ ബാഴ്സലോണയെ റയൽ മഡ്രിഡ് 3-1ന് തോൽപിച്ചു. ബാഴ്സയുടെ തട്ടകമായ നൂകാമ്പിലാണ് നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡ് കറ്റാലൻ നിരയെ തകർത്തത്.
ഇതോടെ ബാഴ്സയെ മാറ്റിപ്പണിയാൽ എത്തിയ റൊണാൾഡ് കോമാന് കറ്റാലൻ നിരയിൽ കാര്യങ്ങൾ ഇനിയും ശരിയാക്കാനായിട്ടില്ലെന്ന് ഉറപ്പായി.
ആവേശകരമായിരുന്നു മത്സരം. ആദ്യ പത്തു മിനിറ്റിനിടെ തന്നെ ഇരു പോസ്റ്റുകളും കുലുങ്ങിയതോടെ മത്സരം ചൂടോടെ മുന്നേറി. അഞ്ചാം മിനിറ്റിൽ തന്നെ ബാഴ്സയുടെ വലയിൽ പന്തെത്തിച്ച് റയൽ മഡ്രിഡാണ് തുടങ്ങിയത്. കരീം ബെൻസേമയുടെ ഗംഭീര പാസിൽ വിങ്ങർ ഫെഡറികോ വാൽവർഡേ കറ്റാലന്മാരെ ഞെട്ടിച്ചു. പ്രതിരോധ കവചം വെട്ടിമാറ്റി ബെൻസേമ നൽകിയ പാസ് മനോഹരമായി വാൽവർഡേ ഗോളാക്കുകയായിരുന്നു.
എന്നാൽ, റയൽ താരങ്ങളുടെ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. മൂന്നു മിനിറ്റിനുള്ളിൽ തന്നെ ബാഴ്സ തിരിച്ചടിച്ചു. ജോഡി ആൽബയും ആൻസു ഫാത്തിയും ചേർന്ന് നടത്തിയ മിന്നലാക്രമണത്തിലായിരുന്നു തിരിച്ചടി. കൗമാര താരം ഫാത്തിയായിരുന്നു സ്കോറർ. ആദ്യ പകുതി പിന്നീട് ഗോളുകൾ ഒന്നും പിറന്നില്ല.
രണ്ടം പകുതിയാണ്റയൽ മനോഹരമായി കളിയിലേക്ക് തിരിച്ചെത്തിയത്. 61ാം മിനിറ്റിൽ വാറിലൂടെ റയൽ മഡ്രിഡിന് പെനാൽറ്റി. കിക്കെടുത്ത നായകൻ സെർജിയോ റാമോസ് പന്ത് വലയിലെത്തിച്ചു. ഇതോടെ ബാഴ്സലോണ പ്രതിരോധത്തിലായി. ഒളിഞ്ഞും തെളിഞ്ഞും കറ്റാലന്മാർ തിരിച്ചടിച്ചെങ്കിലും ഫലം കണ്ടില്ല. സൂപ്പർ താരം ലയണൽ മെസ്സിക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. മുനയൊടിഞ്ഞ മുന്നേറ്റങ്ങളായിരുന്നു ബാഴ്ലോണയുടേത്. ഒടുവിൽ 90ാം മിനിറ്റിൽ ലൂക മോഡ്രിച്ച് ബാഴ്സലോണ ഗോളി നിറ്റോയെ രണ്ടു തവണ കബളിപ്പിച്ച് മനോഹരമായി വലകുലുക്കിയതോടെ റയൽ മഡ്രിഡ് ജയം അരക്കിട്ടുറപ്പിച്ചു.
ജയത്തോടെ റയൽ മഡ്രിഡ് ഒന്നാം സ്ഥാനം സുരക്ഷിതമാക്കി( 16 പോയൻറ്). ഏഴു പോയൻറുള്ള ബാഴ്സലോണ പത്താം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.