പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്...!; ഓസ്ട്രിയ 3, പോളണ്ട് 1

ബെർലിൻ: തുല്യ ശക്തികൾ മുഖാമുഖം നിന്ന യൂറോ കപ്പ് ഡി പോരിൽ അങ്കം ജയിച്ച് ഓസ്ട്രിയ. ആക്രമിച്ചും പ്രതിരോധിച്ചും ഇരുടീമും ഒരേ വേഗത്തിൽ കളംനിറഞ്ഞ മത്സരത്തിലാണ് ഒരു പണത്തൂക്കം മുന്നിൽനിന്ന് ഓസ്ട്രിയ ജയവുമായി മടങ്ങിയത്. സ്കോർ 3-1.

ആദ്യ 10 മിനിറ്റിനിടെ ലീഡ് പിടിച്ച് ഓസ്ട്രിയയാണ് തുടങ്ങിയത്. പോളണ്ട് ഹാഫിൽ ലഭിച്ച ത്രോ ഫിലിപ് എംവീൻ എടുത്തത് പോളണ്ട് പ്രതിരോധം തട്ടിയി​ട്ടെങ്കിലും ലഭിച്ചത് ജർനോട്ട് ട്രോണറുടെ കാലുകളിൽ. പോസ്റ്റിനരികെ അവസരം പാർത്തുനിന്ന താരം പോളിഷ് ഗോളി വോജ്സിയെക് സെസ്നിയെ കാഴ്ചക്കാരനാക്കി അനായാസം വല കുലുക്കി.  


തളർന്നിരിക്കാൻ സമയമില്ലെന്നറിഞ്ഞ പോളണ്ട് തിരിച്ചടിയുമായി വിറപ്പിച്ച​പ്പോൾ മറുപടി ഗോളും പിറന്നു. 29ാം മിനിറ്റിൽ ബോക്സിൽ കാലുകൾ മാറിയെത്തിയ പന്ത് കാലിലെടുത്ത സ്ട്രൈക്കർ ക്രിസിസ്റ്റോഫ് പിയാറ്റെക് ആറു വാര അകലെനിന്ന് പായിച്ച ഷോട്ട് ലക്ഷ്യത്തിലെത്തുമ്പോൾ സ്കോർ 1-1.

ഗോളെന്നുറച്ച നീക്കങ്ങളുടെ പെരുമഴയായിരുന്നു പിന്നെയും മൈതാനത്ത്. ഓസ്ട്രിയൻ താരം മാർസൽ സബിറ്റ്സറുടെ ഷോട്ടും പിറകെ സീലിൻസ്കിയുടെ ഷോട്ടും പോളണ്ട് ഗോൾമുഖത്ത് വൻ അപായം വിത​ച്ചെങ്കിലും തത്കാലം രക്ഷപ്പെട്ടു.

അതിനിടെ, പിയാറ്റെകിനെ പിൻവലിച്ച് സാക്ഷാൽ ലെവൻഡോവ്സ്കി മൈതാനത്തെത്തിയത് പോളണ്ടിന് ആത്മവിശ്വാസം നൽകുമെന്ന് തോന്നിച്ചു. സംഭവിച്ചത് പക്ഷേ, മറിച്ചായിരുന്നു. മിനിറ്റുകൾക്കിടെ മഞ്ഞക്കാർഡ് വാങ്ങിയ സൂപർ താരത്തെ സാക്ഷിനിർത്തി രണ്ടുവട്ടം ഓസ്ട്രിയ വല കുലുക്കി.   


ചുറ്റുംനിന്ന നാല് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബോംഗാർട്നർ 67ാം മിനിറ്റിലും പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മാർകോ അർണോട്ടോവിച്ച് 78ാം മിനിറ്റിലും ​ഓസ്‍ട്രിയൻ വിജയം ഉറപ്പാക്കി. ശേഷം രണ്ടുവട്ടമെങ്കിലും ഓസ്ട്രിയൻ മുന്നേറ്റം വലയിലെത്തിയെന്ന് തോന്നിച്ചെങ്കിലും ഗോളിയും നിർഭാഗ്യവും വില്ലനായി. ആദ്യ കളിയിൽ ഡച്ചുകാർക്ക് മുന്നിൽ വീണ പോളണ്ടിന് ഇതോടെ നോക്കൗട്ട് പ്രതീക്ഷകൾ മിക്കവാറും അസ്തമിച്ചു. 

Tags:    
News Summary - euro cup 2024; Austria 3, Poland 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.