ദോഹ: മുമ്പെങ്ങുമില്ലാത്തവിധം ഏറെ പുതുമകളോടെയാണ് ഖത്തർ ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാൻ ഒരുങ്ങുന്നത്. സബ്സ്റ്റിറ്റ്യൂഷൻ എണ്ണം ഉയർത്തിയും ടീം ശേഷി 23ൽ നിന്ന് 26 ആക്കിയും ഓഫ്സൈഡ് നിർണയിക്കാൻ സെമി ഓട്ടോമേറ്റഡ് സാങ്കേതികവിദ്യ നടപ്പാക്കിയുമെല്ലാം മാതൃക തീർക്കുന്ന ഖത്തറിന്‍റെ ഒരുക്കത്തിലെ മറ്റൊരു പുതുമയാണ് 'കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ'. മത്സരത്തിനിടെ കളിക്കാരന് തലക്ക് ഗുരുതര പരിക്കേൽക്കുകയും, ഗ്രൗണ്ടിൽ തുടരാൻ കഴിയാത്ത വിധത്തിലാവുകയും ചെയ്യുമ്പോൾ പകരക്കാരനെ കളത്തിലിറക്കാൻ അനുമതി നൽകുന്നതാണ് 'കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ'. അതുവരെ ഉപയോഗപ്പെടുത്തിയ സബ്സ്റ്റിറ്റ്യൂഷൻ മാനദണ്ഡമാക്കാതെ തന്നെ 'കൺകഷൻ സബ്' അനുവദിക്കാൻ അടുത്തിടെ ദോഹയിൽ ചേർന്ന ഐഫാബ് (ഇന്‍റർനാഷനൽ ഫുട്ബാൾ അസോസിയേഷൻ ബോർഡ്) വാർഷിക യോഗം അനുമതി നൽകിയിരുന്നു.

ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ മെഡിക്കൽ സംഘത്തിന്‍റെ രണ്ടു ദിന ശിൽപശാലക്കു പിന്നാലെയാണ് കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ സംബന്ധിച്ച് അന്തിമരൂപം നൽകിയത്. മത്സരത്തിൽ ഒരു ടീമിന് പരമാവധി ഒരു കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ മാത്രമാണ് അനുവദിക്കുക. എന്നാൽ, ഇത് ആവശ്യമാണോ എന്ന് നിർണയിക്കുന്നത് മൈതാനത്തിനരികിലായുള്ള വിദഗ്ധ മെഡിക്കൽ സംഘമായിരിക്കും. കളത്തിലെ വിവരങ്ങൾ അതത് സമയം ഒപ്പിയെടുക്കുന്ന 'കൺകഷൻ ആൻഡ് കാർഡിയാക് അസസ്മെന്‍റ് സർവിസ്' സംഘമാവും അടിയന്തര സബ്സ്റ്റിറ്റ്യൂഷൻ ആവശ്യമാണോയെന്ന് തീരുമാനിക്കുക. ഇതാദ്യമായാണ് ലോകകപ്പിൽ ഇത്തരമൊരു സംവിധാനം സജ്ജീകരിക്കുന്നത്. ഏതാനും വർഷങ്ങളായി തുടരുന്ന ട്രയൽസിന്‍റെ അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. കഴിഞ്ഞ ഫിഫ ക്ലബ് ലോകകപ്പിലും പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരുന്നു. കളത്തിലെ അപകടങ്ങളുടെ ആഘാതം എളുപ്പത്തിൽ തിരിച്ചറിയാൻ വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്ന 'കൺകഷൻ സ്പോട്ടേഴ്സ്' ഡഗ് ഔട്ടിന് പുറത്ത് സ്ഥാപിക്കാനുള്ള തീരുമാനം ഒരു വർഷം മുമ്പ് തന്നെ ഫിഫ എടുത്തിരുന്നു.

തലക്കേൽക്കുന്ന പരിക്കുകൾ ഏറ്റവും വേഗത്തിൽ തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കുകയാവും വിഡിയോ റിപ്ലേകളുടെ കൂടി സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ടീമിന്‍റെ ദൗത്യം. ബന്ധപ്പെട്ട ടീം ഡോക്ടർമാർക്ക് പരിക്കിന്‍റെ ഗൗരവം ബോധ്യപ്പെടുത്തലും ആവശ്യമെങ്കിൽ കൺകഷൻ സബ്സ്റ്റിറ്റ്യൂഷന് നിർദേശിക്കുകയും ചെയ്യും. കളിയെക്കാൾ പ്രധാനമാണ് കളിക്കാരുടെ ആരോഗ്യം എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കമെന്ന് ഫിഫ മെഡിക്കൽ ഡയറക്ടർ ഡോ. ആൻഡ്ര്യൂ മാസി പറഞ്ഞു. അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന ശിൽപശാലയിൽ ലോകകപ്പ് മത്സരവേളയിലെ ആരോഗ്യ പരിരക്ഷ മുൻകരുതൽ സംബന്ധിച്ച് അന്തിമരൂപം നൽകി.

ഇതിനു പുറമെ ഹൃദയാഘാത സാധ്യതകൾ കണ്ടെത്തുന്നതിനും ഉടൻ അടിയന്തര ചികിത്സ നൽകുന്നതിനുമായി ടീം ഡോക്ടർമാരുടെ സഹായത്തിന് 'കാർഡിയോളജി സർവിസ്', ചെറു ക്ലിനിക്കൽ സംവിധാനങ്ങളുള്ള മെഡിക്കൽ കെയർ ബാഗ് എന്നിവയും ഏർപ്പെടുത്തുന്നു. 

Tags:    
News Summary - FIFA World Cup Qatar 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.