കോപ അമേരിക്കയിൽ കൊളംബിയക്കെതിരായ ഫൈനലിനിടെ പരിക്കേറ്റ് കളംവിട്ട ശേഷം പൊട്ടിക്കരഞ്ഞ അർജന്റീന നായകൻ ലയണൽ മെസ്സിയെ വാനോളം പുകഴ്ത്തി ബ്രസീലിന്റെ മുൻ ഇതിഹാസ താരം കക്ക. എന്തൊരു മഹത്തായ മാനസികാവസ്ഥയാണിതെന്ന് പറഞ്ഞ അദ്ദേഹം, മെസ്സിയുടെ കരച്ചിൽ കണ്ടപ്പോൾ അർജന്റീനക്കാർ മാത്രമല്ല, എതിരാളികൾ പോലും അവന്റെ പേര് ആർത്തുവിളിക്കാൻ തുടങ്ങിയെന്നും അവൻ ലോകത്തിന്റെ മുഴുവൻ സ്നേഹം നേടിയിരിക്കുന്നെന്നും മത്സരശേഷമുള്ള ചർച്ചയിൽ അഭിപ്രായപ്പെട്ടു.
‘മെസ്സി തലയുയർത്തി നിൽക്കുകയും താൻ ആരാണെന്ന് സ്വയം അറിയുകയും വേണം. മെസ്സിക്ക് താൻ മെസ്സിയാണെന്ന് അറിയില്ലെന്ന് പലരും പറയാറുണ്ട്. ഇന്ന് ഞാനത് നേരിൽ കണ്ടു. എട്ട് സ്വർണ പന്തുകൾ (ബാലൻ ഡി ഓർ), ലോകകപ്പ്, അഞ്ച് സ്വർണ ബൂട്ടുകൾ (യൂറോപ്യൻ ഫുട്ബാളർ പുരസ്കാരം) എന്നിവ നേടിയ അദ്ദേഹം ഇപ്പോൾ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയയാൾ കൂടിയാണ്. മത്സരം പൂർത്തിയാക്കാൻ കഴിയാത്തതിന് അദ്ദേഹം കണ്ണീർ പൊഴിക്കുകയായിരുന്നു. എന്തൊരു മഹത്തായ മാനസികാവസ്ഥയാണിത്. മെസ്സിയുടെ കരച്ചിൽ കണ്ടപ്പോൾ അർജന്റീനക്കാർ മാത്രമല്ല, എതിരാളികൾ പോലും അവന്റെ പേര് ആർത്തുവിളിക്കാൻ തുടങ്ങി. ആരാധകർ ചെയ്തത് എന്നും അവിസ്മരണീയമായിരിക്കും. ഇത് അഭിമാനിക്കേണ്ട കാര്യമാണ്. ഇത് മെസ്സിയാണ്. അവൻ ലോകത്തിന്റെ മുഴുവൻ സ്നേഹം നേടിയിരിക്കുന്നു’ -എന്നിങ്ങനെയായിരുന്നു കക്കയുടെ പ്രതികരണം.
കോപ ഫൈനലിനിടെ 35ാം മിനിറ്റിൽ ടച്ച് ലൈനിൽനിന്ന് ഷോട്ടുതിർക്കാൻ ശ്രമിച്ച മെസ്സിയെ കൊളംബിയൻ താരം സാന്റിയാഗോ ഏരിയാസ് പരുക്കൻ ടാക്ലിങിലൂടെ വീഴ്ത്തുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ മെസ്സി മെഡിക്കൽ സംഘത്തിന്റെ പരിചരണത്തിന് ശേഷം ഗ്രൗണ്ടിൽ തിരിച്ചെത്തി. രണ്ടാം പകുതിയിലും കളി തുടർന്ന മെസ്സിക്ക് 63ാം മിനിറ്റ് വരെയെ കളിക്കാൻ കഴിഞ്ഞുള്ളൂ. പന്തിന് പിറകെ ഓടാൻ ശ്രമിച്ച മെസ്സി വേദനകൊണ്ട് ഗ്രൗണ്ടിൽ വീണു. തുടർന്ന് സൂപ്പർതാരത്തിന് തിരിച്ചുകയറേണ്ടി വരികയായിരുന്നു. കണ്ണീരോടെ കളം വിട്ട മെസ്സി ഡഗൗട്ടിലിരുന്നും പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ ആരാധകരെയും കണ്ണീരണിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.