പാരിസ്: ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ ഒലിവിയർ ജിറൂഡ് രാജ്യാന്തര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ‘ഞാൻ ഭയപ്പെട്ടിരുന്ന നിമിഷം വന്നെത്തി, ഫ്രഞ്ച് ടീമിനോട് വിടപറയുന്ന നിമിഷം’ -വിരമിക്കൽ പ്രഖ്യാപിച്ച് ജിറൂഡ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അമേരിക്കൻ മേജർ ലീഗിലെ ലോസ് എയ്ഞ്ചൽസ് എഫ്.സിയിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് വിരമിക്കൽ പ്രഖ്യാപനം. യൂറോ കപ്പിന് മുമ്പ് തന്നെ ഇത് തന്റെ അവസാന അന്താരാഷ്ട്ര ടൂർണമെന്റായിരിക്കുമെന്ന് ജിറൂഡ് അറിയിച്ചിരുന്നു.
ഫ്രാൻസിനായി 137 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞ 37കാരൻ 57 ഗോളുകളാണ് നേടിയത്. 2011ൽ യു.എസ്.എക്കെതിരായ മത്സരത്തിലാണ് ഫ്രാൻസിനായി അരങ്ങേറിയത്. 2018ൽ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിൽ അദ്ദേഹം അംഗമായിരുന്നു. 2016 യൂറോ കപ്പിലും 2022 ഖത്തർ ലോകകപ്പിലും ഫൈനലിലെത്തിയ ഫ്രഞ്ച് ടീമിലും ജിറൂഡ് ഉണ്ടായിരുന്നു.
യൂറോ കപ്പ് സെമിയിൽ സ്പെയിനിനോട് 2-1ന് പരാജയപ്പെട്ട് ഫ്രാൻസ് പുറത്തായിരുന്നു. ടൂർണമെന്റിലുടനീളം ബെഞ്ചിലായിരുന്നു ജിറൂഡിന്റെ സ്ഥാനം. നാല് മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങിയ താരം ആകെ കളിച്ചത് 56 മിനിറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.