മ്യൂണിക്ക്: യൂറോ കപ്പിനു പിന്നാലെ താരങ്ങളെ ടീമിലെത്തിക്കാൻ ചടുല നീക്കങ്ങളുമായി വമ്പൻ ക്ലബുകൾ. സ്പെയിൻ നാലാം തവണയും യൂറോപ്പിലെ രാജാക്കന്മാരായി മടങ്ങിയെങ്കിലും, ഈ യൂറോയും ഒരുപിടി താരോദയങ്ങൾ കണ്ടാണ് അവസാനിച്ചത്. യൂറോപ്പിലെ പ്രധാന ലീഗുകളിൽ ആഗസ്റ്റ് 30 വരെ സമ്മർ ട്രാൻസ്ഫർ വിപണി തുറന്നിരിക്കും.
അതിനുള്ളിൽ ടീമിലെ പോരായ്മകൾ നികത്താനും ആവശ്യമായ താരങ്ങളെ കണ്ടെത്തി ക്ലബിലെത്തിക്കാനും കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണ് യൂറോപ്പിലെ ടോപ് ഫൈവ് ലീഗ് ക്ലബുകൾ. സ്പെയിനിന്‍റെ വിങ്ങർ നിക്കോ വില്യംസ്, ഡാനി ഓൽമോ, ജർമനിയുടെ ഫ്ലോറിയാൻ വിർട്സ് ഉൾപ്പെടെ ഒരു ഡസനോളം താരങ്ങളെയാണ് പ്രധാനമായും ടോപ് ക്ലബുകൾ ഉന്നമിട്ടിരിക്കുന്നത്. ഇനിയുള്ള നാളുകളിൽ ട്രാൻസ്ഫർ വിപണി സജീവമാകും. ഓരോ നിമിഷവും ക്ലബുകൾക്ക് നിർണായകമാണ്. പ്രിയ താരങ്ങൾക്കായി കോടികളാണ് ഓരോ ക്ലബുകളും ചെലവഴിക്കുക.
ബയർ ലെവർകുസന്‍റെ 21 വയസ്സ് മാത്രം പ്രായമുള്ള മധ്യനിര താരം ഫ്ലോറിയാൻ വിർട്സ് ജർമനിയുടെ എല്ലാ മത്സരങ്ങളിലും പ്ലെയിങ് ഇലവനിൽ തന്നെ ഇടംപിടിച്ചിരുന്നു. ജർമൻ ഫുട്ബാളിന്‍റെ ഭാവി താരമെന്നതിൽ ഒരു സംശയവും വേണ്ട, ബുണ്ടസ് ലീഗയിൽ കഴിഞ്ഞ സീസണിൽ ലെവർകുസനായും തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുത്തത്. 2027 വരെ ക്ലബുമായി കരാറുണ്ട്. താരത്തെ വിൽക്കാനുള്ള നീക്കമൊന്നും ജർമൻ ചാമ്പ്യന്മാർക്കില്ലെങ്കിലും യൂറോപ്പിലെ പ്രധാന ക്ലബുകളെല്ലാം വിർട്സിനായി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡും ബാഴ്സലോണയുമായാണ് പ്രധാനമായും രംഗത്തുള്ളത്. വിർട്സ് ജർമൻ ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ താരത്തിന്‍റെ പിതാവും ഏജന്‍റും തള്ളിക്കളഞ്ഞിട്ടുണ്ട്.
ഹാരി മഗ്വയർ പരിക്കേറ്റ് ടീമിന് പുറത്തായതോടെയാണ് ക്രിസ്റ്റൽ പാലസ് പ്രതിരോധ താരം മാർക് ഗുഹിക്ക് ഇത്തവണ ഇംഗ്ലണ്ടിന്‍റെ പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചത്. താരം അവസരം നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ജോൺ സ്റ്റോൺസിന് സെന്‍റർ ബാക്കിൽ കൂട്ടായി ഗരെത് സൗത് ഗേറ്റ് പ്രഥമ പരിഗണന നൽകിയത് താരത്തിനായിരുന്നു. 2021ൽ ചെൽസിയിൽനിന്ന് അഞ്ചു വർഷത്തെ കരാറിലാണ് ഗുഹി ക്രിസ്റ്റൽ പാലസിലെത്തുന്നത്. യൂറോയിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെ ആഴ്സണൽ, മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബുകൾ താരത്തിനായി താൽപര്യം പ്രകടിപ്പിച്ചതായാണ് വിവരം.
പി.എസ്.ജിയുടെ മധ്യനിര താരമാണ് 21കാരനായ സാവി സിമോൺസ്. യൂറോയിൽ ഡച്ചുകാരെ സെമിയിൽ എത്തിക്കുന്നതിൽ താരം നിർണായക പങ്കുവഹിച്ചു. ഇത്തവണ ഫ്രഞ്ച് ക്ലബ് വിട്ടേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. യൂറോക്കു പിന്നാലെ യുനൈറ്റഡ്, ആഴ്സണൽ, ന്യൂകാസിൽ ക്ലബുകൾ സിമോണിനായി അവകാശവാദം ഉന്നയിച്ചതായാണ് വിവരം.
ടൂർണമെന്‍റിൽ സ്പെയിനെ കിരീടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് അത്ലറ്റിക് ബിൽബാവോയുടെ 22കാരനായ നിക്കോ വില്യംസ്. സ്പെയിനിന്‍റെ വിങ്ങുകളിലൂടെയുള്ള ആക്രമണത്തിന് കൗമാരതാരം ലമീൻ യമാലിനൊപ്പം ചുക്കാൻ പിടിച്ചത് വില്യംസായിരുന്നു. ഫൈനലിൽ ടീമിനായി യമാലിന്‍റെ അസിസ്റ്റിൽ താരം ഗോളും നേടി. മൂന്നു ഗോളുകളാണ് താരം യൂറോയിൽ നേടിയത്. സീസണു മുന്നോടിയായി താരം ബാഴ്സയിലേക്ക് ചുവടുമാറ്റുമെന്ന അഭ്യൂഹം ശക്തമാണ്. ട്രാൻസ്ഫർ വിപണയിൽ ബാഴ്സയുടെ പ്രധാന ലക്ഷ്യവും വില്യംസ് തന്നെയാണ്.
ഒമ്പതു വർഷങ്ങളായി ബയേൺ മ്യൂണിക്കിനൊപ്പമുള്ള 29കാരൻ ഫുൾ ബാക്ക് ജോഷ്വാ കിമ്മിച്ച് ഇത്തവണ ക്ലബ് മാറിയേക്കുമെന്ന് സൂചനകളുണ്ട്. ക്ലബിൽ ഒരു വർഷം മാത്രമാണ് താരത്തിന് കാലാവധിയുള്ളത്. ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂൾ, ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി ക്ലബുകളാണ് താരത്തിനായി പ്രധാനമായും ചരടുവലിക്കുന്നത്.
പ്രതിരോധ താരം റിക്കാർഡോ കാലഫിയോറി ആഴ്സണലിലേക്ക് മാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. 22കാരൻ ഇതിനകം തന്നെ ഗണ്ണേഴ്സുമായി ചർച്ച നടത്തിയതായാണ് വിവരം. എഫ്.സി ബാസെൽ, റോമ, ജിനോവ ക്ലബുകൾക്കായി താരം കളിച്ചിട്ടുണ്ട്.
ഷാക്തർ ഡൊണട്സ്ക് മധ്യനിരതാരം സുഡാകോവ് ഇക്കാലമത്രയും യുക്രെയ്നിൽ തന്നെയായിരുന്നു. ഇത്തവണ താരം വിദേശ ക്ലബുകളിലേക്ക് ചുവടുമാറ്റുമെന്നാണ് പുറത്തുവരുന്ന വിവരം.
സ്പെയിനായി യൂറോയിൽ മൂന്നു ഗോളുകൾ നേടുകയും രണ്ടു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിൽ 26കാരനായ ആർ.ബി ലൈപ്സിഷ് താരത്തിന് പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല. സ്പെയിനെ ചാമ്പ്യന്മാരാക്കുന്നതിൽ താരത്തിനും നിർണായക പങ്കുണ്ടായിരുന്നു. പ്രീമിയർ ലീഗ് ക്ലബുകളായ സിറ്റി, യുനൈറ്റഡ്, ചെൽസി, ലിവർപൂൾ ക്ലബുകളെല്ലാം താരത്തിനായി ശക്തമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.