എജ്ജാതി തിരിച്ചുവരവ്! ക്രോട്ട് കോട്ട പൊളിച്ച് ഫ്രഞ്ച് പട നേഷൻസ് ലീഗ് സെമിയിൽ; ജയം ഷൂട്ടൗട്ടിൽ (5-4)

എജ്ജാതി തിരിച്ചുവരവ്! ക്രോട്ട് കോട്ട പൊളിച്ച് ഫ്രഞ്ച് പട നേഷൻസ് ലീഗ് സെമിയിൽ; ജയം ഷൂട്ടൗട്ടിൽ (5-4)

പാരിസ്: യുവേഫ നേഷൻസ് ലീഗിലെ ആവേശപോരിൽ ക്രൊയേഷ്യയെ ഷൂട്ടൗട്ടിൽ വീഴ്ത്തി കരുത്തരായ ഫ്രാൻസും സെമിയിൽ. രണ്ടാംപാദ ക്വാർട്ടർ പോരാട്ടം മറുപടിയില്ലാത്ത രണ്ടു ഗോളിന് ഫ്രഞ്ച് പട ജയിച്ചതോടെ ഇരുപാദങ്ങളിലുമായി സ്കോർ 2-2.

ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിനാണ് ഫ്രാൻസിന്‍റെ ജയം. ആദ്യപാദ മത്സരം 2-0ത്തിന് ക്രോട്ടുകൾ ജയിച്ചിരുന്നു. മത്സരത്തിന്‍റെ രണ്ടാംപകുതിയിൽ മൈക്കൽ ഒലിസെ (52ാം മിനിറ്റിൽ), ഉസ്മാൻ ഡെംബലെ (80ാ മിനിറ്റിൽ) എന്നിവരാണ് ഫ്രാൻസിനായി വലകുലുക്കിയത്. അവസാന 20 മിനിറ്റിലും അധിക സമയത്തും ഇരുടീമുകൾക്കും വിജയഗോൾ കണ്ടെത്താനാകാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.

ഗോൾ കീപ്പർ മൈക്ക് മൈഗ്നാൻ ഷൂട്ടൗട്ടിൽ ഫ്രാൻസിന്‍റെ രക്ഷകനായി അവതരിച്ചു. ആദ്യത്തെ അഞ്ചു ഷോട്ടുകളിൽ ക്രോട്ട് താരം മാർട്ടിൻ ബത്തുരിനയുടെ ഷോട്ട് താരം തടുത്തിട്ടു. ഫ്രാഞ്ചോ ഇവനോവിചിന്‍റെ ഷോട്ട് പുറത്തേക്കും പോയി. ഫ്രഞ്ച് നിരയിൽ ജൂൾസ് കൂണ്ടെയും തിയോ ഹെർണണ്ടസും അവസരം നഷ്ടപ്പെടുത്തിയതോടെ ഡസൻ ഡെത്തിലേക്ക്. ക്രോട്ട് താരം ജോസിപ് സ്റ്റാനിസികിന്‍റെ ഷോട്ടും മൈഗ്നാൻ രക്ഷപ്പെടുത്തി. ഉപമെകാനോ നിർണായക ഷോട്ട് വലയിലാക്കിയതോടെ 5-4 എന്ന സ്കോറിൽ ഫ്രഞ്ച് പട അവസാന നാലിലേക്ക്. 2021നുശേഷം കിരീടം സ്വപ്നം കാണുന്ന ഫ്രഞ്ചിന് അർഹിച്ച വിജയം.

അധിക സമയത്തു മാത്രം സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെക്ക് മൂന്നു സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ക്രോട്ട് ഗോൾ കീപ്പർ ഡൊമിനിക് ലിവാകോവിച്ചിന്‍റെ സേവുകൾ വില്ലനായി. സെമിയിൽ സ്പെയിനാണ് ഫ്രാൻസിന്‍റെ എതിരാളികൾ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ത്രില്ലർ പോരാട്ടത്തിൽ നെതർലൻഡ്സിനെ വീഴ്ത്തിയാണ് സ്പെയിൻ സെമിയിലെത്തിയത്. വലൻസിയയിൽ നടന്ന രണ്ടാംപാദ ക്വാർട്ടർ ഫൈനലിൽ അധിക സമയത്തും നിശ്ചിത സമയത്തും ഇരുടീമുകളും മൂന്നു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.

Tags:    
News Summary - France beat Croatia on penalties to reach semi-finals of the Nations League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.