മഡ്രിഡ്: എൽക്ലാസിക്കോയിൽ ബാഴ്സലോണയെ 2-1ന് തറപറ്റിച്ച് റയൽ മഡ്രിഡ് സ്പാനിഷ് ഫുട്ബാൾ ലീഗിൽ ഒന്നാമതെത്തി. ആദ്യ പകുതിയിൽ കരീം ബെൻസേമയും (13') േടാണി ക്രൂസുമാണ് (28') റയലിനായി വലകുലുക്കിയത്. ലോകത്തിലെ ഏറ്റവും ഗ്ലാമറസായ പോരാട്ടത്തിൽ തുടർച്ചയായി മൂന്നാം തവണയാണ് ബാഴ്സ തോൽക്കുന്നത്.
60ാം മിനിറ്റിൽ ഓസ്കാർ മിങുവേസയാണ് കാറ്റലൻമാരുടെ ആശ്വാസഗോൾ നേടിയത്. 30 മത്സരങ്ങളിൽ നിന്ന് 66 പോയന്‍റുമായി റയൽ ഒന്നാം സ്ഥാനത്തേക്ക് കയറി. ഒരു മത്സരം കുറച്ച് കളിച്ച അത്ലറ്റിക്കോ മഡ്രിഡിനും 66 പോയിന്‍റാണുള്ളത്. ഗോൾ ശരാശരിയിലാണ് റയൽ ഒന്നാമത് നിൽക്കുന്നത്. 65 പോയന്‍റുമായി ബാഴ്സ മൂന്നാമതാണ്. ആദ്യ മൂന്ന് സ്ഥാനക്കാർ തമ്മിൽ ഒരുപോയന്‍റിന്‍റെ വ്യത്യാസം മാത്രമാണുള്ളതെന്നതിനാൽ തന്നെ ലീഗിലെ വരും മത്സരങ്ങളിൽ തീപാറും.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് ചേക്കേറിയ ശേഷം എൽക്ലാസിക്കോയുടെ പകിട്ട് അൽപം കുറഞ്ഞുവെങ്കിലും ലീഗ് ജേതാക്കളെ നിശ്ചയിക്കുന്നതിൽ നിർണായകമായേക്കാവുന്ന മത്സരമായതിനാൽ വീറും വാശിയും കൂടുതലായിരുന്നു. ഇരുടീമുകളും നിരവധി അവസരങ്ങളുമായി കളംനിറഞ്ഞു. എന്നാൽ രണ്ട് തവണ ലക്ഷ്യം കണ്ട റയൽ ജയം കൊത്തിക്കൊണ്ടുപോയി.
റയൽ താരം കാസ്മിനോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് ലഭിച്ച ഫ്രീകിക്ക് സൂപ്പർ താരം ലയണൽ മെസ്സിക്ക് ഗോളാക്കി മാറ്റാനുമായില്ല. ഇത് ഏഴാമത്തെ മത്സരത്തിലാണ് മെസ്സി റയലിനെതിരെ ഗോളില്ലാതെ തിരികെ കയറിയത്.
ഇരുടീമുകൾക്ക് മികച്ച അവസരങ്ങൾ നൽകിയാണ് ആദ്യ പകുതി തുടങ്ങിയത്. എന്നാൽ 13ാം മിനിറ്റിൽ റയലാണ് ആദ്യം ലക്ഷ്യത്തിലെത്തിയത്. ലൂകാസ് വാസ്കസ് വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് പിൻകാലുകൊണ്ട് തട്ടി വലയിലാക്കി ബെൻസേമ റയലിന് ലീഡ് സമ്മാനിച്ചു.
28ാം മിനിറ്റിൽ തങ്ങൾക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് വലയിലാക്കിയ ടോണി ക്രൂസ് ടീമിന്‍റെ ലീഡ് ഇരട്ടിയാക്കി. ഇതിനിടെ മഴയെത്തി. ആദ്യപകുതിക്ക് തൊട്ടുമുമ്പ് മെസ്സിയുടെ ഒളിമ്പിക് ഗോൾ ശ്രമം വിഫലമായി. മെസ്സിയുടെ കോർണർ കിക്ക് പോസ്റ്റിലിടിച്ച് മടങ്ങി. ആദ്യ പകുതി അവസാനിക്കുേമ്പാൾ 2-0ത്തിന് മുന്നിലായിരുന്നു റയൽ.
അക്കൗണ്ട് തുറക്കുന്നതിനായി ബാഴ്സ കോച്ച് റൊണാൾഡ് കൂമാൻ അേന്റായിൻ ഗ്രീസ്മാനെ ഇറക്കിയെങ്കിലും കാര്യമുണ്ടായില്ല.
60ാം മിനിറ്റിൽ ഓസ്കാർ മിങുവേസയിലൂടെയാണ് ആശ്വാസ ഗോൾ പിറന്നത്. 90ാം മിനിറ്റിൽ മിങുവേസയെ ചലഞ്ച് ചെയ്തതിന് കാസ്മിറോ പുറത്തായി. മെസ്സിയെടുത്ത ഫ്രീകിക്ക് തിബോ കുർട്ടിയോസ് തടുത്തു. ഇഞ്ചുറി സമയത്താണ് പകരക്കാരനായ മോറിബയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടിയകന്നത്.
മത്സരത്തിൽ 69 ശതമാനം പന്തടക്കം ബാഴ്സക്കായിരുന്നു. നാല് പ്രാവശ്യം ബാഴ്സ ഗോളിലേക്ക് ലക്ഷ്യം വെച്ചെങ്കിലും ഒരുതവണ മാത്രമാണ് അവർക്ക് വിജയിക്കാനായത്. ബാഴ്സ ഒരു വലിയ ചാൻസ് മിസ്സാക്കിയപ്പോൾ റയൽ രണ്ട് അവസരങ്ങൾ പാഴാക്കി. ഇന്ന് റയൽ ബെറ്റിസിനെ നേരിടുന്ന അത്ലറ്റിക്കോ വിജയിച്ചാൽ പോയിന്‍റ് പട്ടികയിൽ വീണ്ടും മാറ്റംവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.