ഫുട്ബാളിൽ കിക്കെടുക്കുന്നവന്റെയും അത് തടയാൻ നിൽക്കുന്ന ഗോളിയുടെയും നെഞ്ചിടിപ്പേറ്റുന്നതാണ് പെനാൽറ്റികൾ. 12 വാര അകലെ നിന്ന് ഗോൾകീപ്പറെ മറികടന്ന് പന്ത് വലയിലെത്തിക്കുന്നത് കുട്ടിക്കളിയല്ല. ടീമുകൾ തങ്ങളുടെ കളിക്കാർക്ക് പെനാൽറ്റി കിക്കെടുക്കുന്നതിൽ പ്രത്യേക പരിശീലനം നൽകാറുണ്ട്.
പലരും ഇതിൽ അപാരമായ കഴിവുള്ളവരാണ്. നോറിക് അവ്‌ദൽയാൻ എന്ന റഷ്യൻ താരത്തിന്റെ ബാക്ക് ഫ്ലിപ് പെനാൽറ്റി കിക്കാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. ഈ കിക്ക് കണ്ട് അതിശയപ്പെടുകയാണ് നെറ്റിസൻസ്. ഇത് വല്ലാത്തൊരു പെനാൽറ്റി ആയെന്നും അതിരുകടന്നെന്നും ചിലർ പ്രതികരിക്കുന്നു.
ഇത്തരം വൈവിധ്യമാർന്ന കിക്കുകളിലൂടെ പന്ത് വലയിലെത്തിക്കുന്നതിൽ മിടുക്കനാണ് നോറിക് അവ്ദൽയാൻ. പലതവണ അദ്ദേഹത്തിന്റെ ഇത്തരം പ്രകടനം ഫുട്ബാൾ ഗ്രൗണ്ടിൽ കാണികൾ കണ്ടിട്ടുണ്ട്. നേരത്തെ, റൂബിൻ കസാന്റെ യൂത്ത് ടീമിന് വേണ്ടി കളിക്കുമ്പോൾ, സമാനമായ ഒരു കിക്കെടുത്തിരുന്നു. 2018ൽ അദ്ദേഹത്തിന്റെ വിഡിയോ വൈറലായി. ഇത്തവണയും വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
പന്ത് തട്ടുന്നതിന് മുമ്പ് ഏതാനും ചുവടുകൾ വെച്ച് വേഗതത്തിൽ ഒരു ബാക്ക്ഫ്ലിപ്പ് എടുക്കുകയായിരുന്നു. പന്ത് വലയുടെ മധ്യഭാഗത്തെത്തുമ്പോഴേക്കും ഗോൾകീപ്പർ വലതുവശത്തേക്ക് ഡൈവ് ചെയ്തിരുന്നു. ഇതോടെ ടീമംഗങ്ങൾ ആവേശത്തോടെ മുന്നോട്ടോടുന്നതും വിഡിയോയിലുണ്ട്. ഗോ പ്രോ കാമറ ധരിച്ചിരുന്ന അവ്ദൽയാന്റെ സഹപ്രവർത്തകരിലൊരാളാണ് വിഡിയോ പകർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.