സ്പാനിഷ് ലാ ലീഗയിൽ വമ്പന്മാരായ റയൽ മഡ്രിഡിന്റെ കിരീട പ്രതീക്ഷ അസ്തമിക്കുന്നു. വിയ്യാറയലിനെതിരെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതോടെ ലീഗിൽ ഒന്നാമതുള്ള ബാഴ്സലോണയുമായുള്ള പോയന്റ് വ്യത്യാസം 12 ആയി. നൈജീരിയൻ വിങ്ങർ സാമുവൽ ചുക് വ്യുസെയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയലിനെ തകർത്തത്.
വിയ്യാറയൽ പ്രതിരോധ താരം പോ ടോറസിന്റെ ഓൺ ഗോളിലൂടെ 16ാം മിനിറ്റിൽ റയലാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. എന്നാൽ, 39ാം മിനിറ്റിൽ ലോ സെൽസോയുടെ അസിസ്റ്റിലൂടെ ചുക് വ്യുസെ വിയ്യാറയലിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രസീൽ യുവതാരം വിനീഷ്യസ് ജൂനിയർ (48ാം മിനിറ്റിൽ) റയലിനെ വീണ്ടും മുന്നിലെത്തിച്ചു. 70ാം മിനിറ്റിൽ ജോസ് ലൂയിസ് മൊറേൽസ് വിയ്യാറയലിന് സമനില നൽകി. 80ാം മിനിറ്റിൽ ചുക് വ്യുസെ ടീമിന്റെ വിജയ ഗോൾ നേടി.
കഴിഞ്ഞദിവസം കോപ ഡെൽ റെ സെമിയിൽ ബാഴ്സയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് കലാശപ്പോരിലേക്ക് ടിക്കറ്റെടുത്ത റയലിന് അപ്രതീക്ഷിത തോൽവി വഴങ്ങേണ്ടി വന്നത് കനത്ത തിരിച്ചടിയായി. ലീഗിൽ 10 മത്സരങ്ങൾ കൂടി ബാക്കി നിൽക്കെ, റയലിന് കിരീടത്തിലെത്താൻ ഇനി അത്ഭുതങ്ങൾ സംഭവിക്കണം. മത്സരത്തിന്റെ അവസാന നിമിഷം റയലിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചെങ്കിൽ വാർ പരിശോധനയിൽ തിരുത്തി.
ലീഗിൽ 27 മത്സരങ്ങളിൽനിന്ന് 71 പോയന്റുമായി ബാഴ്സയാണ് ഒന്നാമത്. ഒരു മത്സരം കൂടുതൽ കളിച്ച റയൽ 59 പോയന്റുമായി രണ്ടാമതാണ്. ജയത്തോടെ വിയ്യാറയൽ 47 പോയന്റുമായി അഞ്ചാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.