മഡ്രിഡ്: ലാലിഗയിൽ വലൻസിയക്കെതിരെ വമ്പൻ ജയവുമായി ബാഴ്സലോണ എഫ്.സി. 7-1നാണ് ബാഴ്സലോണയുടെ വിജയം. ലാലിഗയിൽ ജയം കാണാത്ത നാല് മത്സരങ്ങൾക്കൊടുവിലാണ് ബാഴ്സ വിജയവഴിയിലേക്ക് വൻ തിരിച്ചുവരവ് നടത്തിയത്.
മൂന്നാംമിനിറ്റിൽ തന്നെ ഫ്രാങ്കി ഡിജോങ്ങിലൂടെ ഗോൾ നേടി ബാഴ്സ നയം വ്യക്തമാക്കി. എട്ടാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ രണ്ടാംഗോൾ. 14ാം മിനിറ്റിൽ സൂപ്പർ താരം റാഫീഞ്ഞോയും ഗോൾ നേടിയതോടെ ബാഴ്സ 3-0ന് മുന്നിൽ.
24ാം മിനിറ്റിലും 49ാം മിനിറ്റിലും ഫെർമിൻ ലോപസ് ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ ബാഴ്സ 5-0ന് മുന്നിലെത്തി. 59ാം മിനിറ്റിൽ ഹ്യൂഗോ ഡ്യൂറോയിലൂടെയായിരുന്നു വലൻസിയയുടെ ഏക ഗോൾ. സ്കോർ 5-1. എന്നിട്ടും ഗോളടി നിർത്താത്ത ബാഴ്സ 66ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ ആറാം ഗോളും നേടി. 75ാം മിനിറ്റിൽ വലൻസിയ താരം സെസാർ തരേഗ സെൽഫ് ഗോൾ നേടിയതോടെ ബാഴ്സയുടെ വിജയം 7-1ന്.
വലൻസിയയെ നിഷ്പ്രഭരാക്കിയ മത്സരത്തിൽ സമ്പൂർണ മേധാവിത്തവും ബാഴ്സക്കായിരുന്നു. 72 ശതമാനം നേരവും പന്ത് കാൽക്കലാക്കിയ ബാഴ്സ ഗോൾ ലക്ഷ്യമിട്ട് 11 ഷോട്ടുകൾ തൊടുത്തപ്പോൾ വലൻസിയക്ക് രണ്ട് ഷോട്ടുകൾക്ക് മാത്രമാണ് അവസരം ലഭിച്ചത്.
വിജയത്തോടെ ബാഴ്സ 21 മത്സരങ്ങളിൽ 42 പോയിന്‍റോടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. 49 പോയിന്‍റുള്ള റയൽ മഡ്രിഡാണ് ഒന്നാമത്. അത്ലറ്റിക്കൊ മഡ്രിഡ് രണ്ടാമതുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.