ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിനിടെ താരത്തിന് ഹൃദയാഘാതം. ലൂടൺ ടൗൺ-ബേൺമൗത്ത് മത്സരത്തിനിടെയാണ് ലൂടൺ നായകൻ ടോം ലോക്കിയർ ഗ്രൗണ്ടിൽ കുഴഞ്ഞുവീണത്.
ഉടൻ തന്നെ താരത്തിന് പ്രാഥമിക ശുശ്രൂഷ നൽകി വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. താരത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ക്ലബ് അധികൃതർ അറിയിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ നിൽക്കെ, 58ാം മിനിറ്റിലാണ് ലോക്കിയർ ഗ്രൗണ്ടിൽ കുഴഞ്ഞു വീണത്.
വൈകാരിക രംഗങ്ങളാണ് ഗ്രൗണ്ടിൽ അരങ്ങേറിയത്. ഉടൻ തന്നെ മെഡിക്കൽ സംഘമെത്തി താരത്തിന് ചികിത്സ നൽകി. പിന്നാലെയാണ് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ മത്സരം ഉപേക്ഷിച്ചതായി റഫറി അറിയിച്ചു. കഴിഞ്ഞ ജൂണിൽ 29കാരനായ ലോക്കിയർ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. മേയിൽ കൊവന്‍ററിക്കെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ കുഴഞ്ഞുവീണതിനു പിന്നാലെയാണ് താരത്തെ അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
താരം കുഴഞ്ഞുവീണതിനെ തുടർന്ന് ബേൺമൗത്തും ലൂടൺ ടൗണും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചതായി പ്രീമിയർ ലീഗ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.