മറഡോണയുടെ മൃതദേഹാവശിഷ്ടങ്ങൾ പുതിയ സ്മാരകത്തിലേക്ക് മാറ്റണം; ആവശ്യവുമായി മക്കൾ കോടതിയിൽ

ബ്യോനസ് ​എയ്റിസ്: വിടപറഞ്ഞ അർജന്റീനൻ ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ മൃതദേഹാവശിഷ്ടങ്ങൾ സ്വകാര്യ സെമിത്തേരിയിൽനിന്ന് പ്രത്യേക സ്മാരകത്തിലേക്ക് മാറ്റാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മക്കൾ കോടതിയിൽ. ബ്യോനസ് എയ്റിസിലെ പ്യൂർട്ടോ മദേരോയിൽ ‘മെമോറിയൽ ഡെൽ ഡിയെസ്’ എന്ന പേരിൽ നിർമാണത്തിലുള്ള സ്മാരകത്തിലേക്ക് മൃതദേഹാവശിഷ്ടങ്ങൾ മാറ്റുന്നത് കൂടുതൽ സുരക്ഷിതമാണെന്നും ലോകമെമ്പാടുമുള്ള ആരാധകർക്ക് ആദരമർപ്പിക്കാൻ സൗകര്യപ്രദമാണെന്നും സാൻ ഇസിദ്രോയിലെ കോടതിയിൽ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

2020ൽ മരിച്ച മറഡോണയുടെ മൃതദേഹം അർജന്റീന തലസ്ഥാനമായ ബ്യോനസ് എയ്റിസിൽനിന്ന് 50 കിലോമീറ്റർ അകലെ സാൻ മിഗ്വേലിലെ ജാർദൻ ഡെ ബെല്ല വിസ്ത എന്ന സ്വകാര്യ സെമിത്തേരിയിലാണ് അടക്കം ചെയ്തത്. മരണത്തിന് മുമ്പ് മറഡോണയുടെ പരിചരണത്തിലുണ്ടായിരുന്ന എട്ട് ആരോഗ്യ പ്രവർത്തകർക്കെതിരെ ക്രിമിനൽ കേസ് നിലനിൽക്കുന്നതിനാൽ മൃതദേഹാവശിഷ്ടങ്ങൾ മാറ്റാൻ കോടതിയുടെ അനുമതി ആവശ്യമാണ്.

അർജന്റീനക്ക് 1986ൽ ലോകകപ്പ് നേടിക്കൊടുത്ത മറഡോണ ലോകംകണ്ട ഏറ്റവും മികച്ച കാൽപന്തുകളിക്കാരിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. 1982 മുതൽ 1994 വരെയുള്ള ലോകകപ്പുകളിൽ അർജന്റീനയുടെ നീലയും വെള്ളയും നിറത്തിലുള്ള ജഴ്സിയണിഞ്ഞ ഇതിഹാസ താരം 2010ൽ ടീമിന്റെ പരിശീലകന്റെ വേഷവുമിട്ടിരുന്നു. 

Tags:    
News Summary - Maradona's remains to be moved to new mausoleum; Children in court with demand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.