പാരിസ്: ഫ്രഞ്ച് ലീഗിൽ വമ്പൻ ജയവുമായി കിരീടത്തിലേക്ക് ഒരടികൂടി കടന്ന് പി.എസ്.ജി. സൂപ്പർ താരം കിലിയൻ എംബാപ്പെയും ഉസ്മാനെ ഡെംബലെയും ഇരട്ടഗോളുകളുമായി നിറഞ്ഞാടിയ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളിന് ലോറിയന്റിനെയാണ് പാരിസുകാർ തോൽപിച്ചത്.
19ാം മിനിറ്റിൽ ഡെംബലെയിലൂടെയാണ് പി.എസ്.ജി അക്കൗണ്ട് തുറന്നത്. സെന്നി മയുലുവിന്റെ പാസ് പിടിച്ചെടുത്ത ഡെംബലെ രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് തകർപ്പൻ ഷോട്ടിലൂടെ എതിർ പോസ്റ്റിൽ പന്തെത്തിക്കുകയായിരുന്നു. മൂന്ന് മിനിറ്റിനകം എംബാപ്പെയിലൂടെ രണ്ടാം ഗോളുമെത്തി. ഇടതുവിങ്ങിൽനിന്ന് നൂനോ മെൻഡസ് നൽകിയ ക്രോസ് എതിർ പ്രതിരോധ താരത്തിന്റെയും ശേഷം എംബാപ്പെയുടെയും കാലിൽ തട്ടി വലയിൽ കയറുകയായിരുന്നു. 31ാം മിനിറ്റിൽ ലോറിയന്റ് ഒരുഗോൾ തിരിച്ചടിച്ചെന്ന് തോന്നിച്ചെങ്കിലും കോർണർ കിക്കിൽനിന്നുള്ള ബകായോകൊയുടെ ഹെഡർ പി.എസ്.ജി ഗോൾകീപ്പർ ഡോണറുമ്മ അസാധ്യ മെയ്‍വഴക്കത്തോടെ തട്ടിയകറ്റി.
60ാം മിനിറ്റിൽ എംബാപ്പെ-ഡെംബലെ കൂട്ടുകെട്ടിൽ മൂന്നാം ഗോളും പിറന്നു. ഇടതു വിങ്ങിൽനിന്ന് എതിർ പ്രതിരോധ താരത്തെ മനോഹരമായി ഡ്രിബിൾ ചെയ്ത് എംബാപ്പെ നൽകിയ ക്രോസ് തൊട്ടുകൊടുക്കേണ്ട ചുമതലയേ ഡെംബലെക്കുണ്ടായിരുന്നുള്ളൂ. എന്നാൽ, 13 മിനിറ്റിനകം ലോറിയന്റ് ഒരു ഗോൾ തിരിച്ചടിച്ചു. ബെഞ്ചമിൻ മെൻഡിയുടെ ക്രോസ് ഹെഡറിലൂടെ ബംബ ദിയേങ് വലയിലെത്തിക്കുകയായിരുന്നു. തുടർന്ന് രണ്ടുതവണ ലോറിയന്റ് ഗോളിനടുത്തെത്തിയെങ്കിലും ഡോണറുമ്മയെ കീഴടക്കാനായില്ല.
നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റിൽ കോളോ മുവാനിയുടെ അസിസ്റ്റിൽ എംബാപ്പെ വീണ്ടും നിറയൊഴിച്ചതോടെ പി.എസ്.ജി പട്ടിക പൂർത്തിയായി. സീസണിലെ 26ാം ഗോൾ കുറിച്ച എംബാപ്പെ യൂറോപ്പിലെ അഞ്ച് പ്രമുഖ ലീഗുകളിലൊന്നിൽ തുടർച്ചയായ നാല് സീസണിൽ 25 ഗോൾ നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന നേട്ടവും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.