ദോഹ: ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയും ഉൾപ്പെടെ ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങളുമായി ഫ്രഞ്ച് ക്ലബായ പി.എസ്.ജി ഖത്തറിൽ പറന്നിറങ്ങി. രണ്ടു ദിവസത്തെ പര്യടനത്തിനായാണ് ഞായറാഴ്ച ഉച്ചയോടെ ടീം അംഗങ്ങൾ ഖത്തറിലെത്തിയത്. ലോകകപ്പ് സ്റ്റേഡിയം സന്ദർശനം ഉൾപ്പെടെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
ശനിയാഴ്ച രാത്രി ഫ്രഞ്ച് ലീഗിൽ മോണ്ട്പെല്ലിയറിനെതിരായ മത്സരത്തിൽ 4-0ത്തിന്‍റെ ജയം നേടിയ ആവേശത്തിലാണ് ടീമിന്‍റെ വരവ്. ലയണൽ മെസ്സി രണ്ട് ഗോൾ നേടി വിജയത്തിൽ നിർണായക പങ്കും വഹിച്ചു.
ലീഗിലെ തങ്ങളുടെ പത്താം കിരീടവും പി.എസ്.ജി നേരത്തെ ഉറപ്പിച്ചിരുന്നു. വർഷാവസാനം നടക്കുന്ന ലോകകപ്പിനായി എല്ലാ അർത്ഥത്തിലും ഒരുങ്ങിയ ഖത്തറിലേക്ക് ലോകതാരങ്ങളുടെയും ആരാധകരുടെയും ശ്രദ്ധയെത്തിക്കുന്നതിൽ നിർണായകം കൂടിയാണ് സന്ദർശനം.
കഴിഞ്ഞ ജനുവരിയിൽ സീസൺ മധ്യേ ഖത്തറിലെത്താൻ പദ്ധതിയിട്ട പി.എസ്.ജി ഒമിക്രോൺ വ്യാപനത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ലോകകപ്പിന്‍റെ രണ്ട് സ്റ്റേഡിയങ്ങൾ ടീം സന്ദർശിക്കുമെന്ന് പി.എസ്.ജി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ക്ലബ് പങ്കാളികളായ ആസ്പെറ്റാർ, ഉരീദു, ഖത്തർ എയർവേസ്, ഖത്തർ ടൂറിസം, ക്യൂ.എൻ.ബി എ.എൽ.എൽ എന്നിവയുടെ പരിപാടികളിൽ പങ്കാളികളാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.