ദോഹ: രണ്ടു വർഷത്തിനപ്പുറം നടക്കുന്ന ലോകകപ്പ് ഫുട്ബാൾ യോഗ്യത സ്വപ്നം കാണുന്ന ഖത്തറിന് വ്യാഴാഴ്ച സ്വന്തം മണ്ണിൽ നിർണായക പോരാട്ടം. രാത്രി ഏഴിന് അൽ തുമാമ സ്റ്റേഡിയത്തിൽ നടക്കുന്ന അങ്കത്തിൽ കിർഗിസ്താനെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ഖത്തറിന് തൃപ്തിയാവില്ല.
ഗ്രൂപ് ‘എ’യിലെ ആദ്യമത്സരത്തിൽ സ്വന്തം മണ്ണിൽ യു.എ.ഇയോട് തോറ്റ ഖത്തറിന്, രണ്ടാം മത്സരത്തിൽ ഉത്തര കൊറിയക്കെതിരെ സമനില വഴങ്ങിയതും തിരിച്ചടിയായി. രണ്ടു മത്സരം പിന്നിട്ടപ്പോൾ ഒരു പോയന്റ് മാത്രമുള്ള ഖത്തർ പട്ടികയിൽ അഞ്ചാം സ്ഥാനത്താണുള്ളത്.
10 മാസം ബാക്കിനിൽക്കെ ശേഷിക്കുന്ന 10 മത്സരങ്ങളിൽ ഓരോന്നും ഇനിയുള്ള യാത്രക്ക് നിർണായകമാവും. ഇറാൻ, ഉസ്ബകിസ്താൻ ഉൾപ്പെടെ കരുത്തരുള്ള ഗ്രൂപ്പിൽനിന്ന് ആദ്യ രണ്ടുപേർക്ക് മാത്രമാണ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കൂ എന്നതിനാൽ കോച്ച് മാർക്വേസ് ലോപസിനും സംഘത്തിനും ഇനിയുള്ള യാത്ര ഏറെ നിർണായകമാണ്.
സെപ്റ്റംബർ 10ലെ അവസാന മത്സരത്തിനു ശേഷം, ഊർജം നിറച്ചും പുതു താരങ്ങളെ അണിനിരത്തിയുമാണ് ഖത്തർ കിർഗിസ്താനെതിരെ കളത്തിലിറങ്ങുന്നത്. ഫിഫ റാങ്കിങ്ങിൽ 106ാം സ്ഥാനത്തുള്ള കിർഗിസ്താൻ ഗ്രൂപ്പിലെ ഏറ്റവും ദുർബലരാണെങ്കിലും കഴിഞ്ഞ മത്സരങ്ങളിലെ അപ്രതീക്ഷിത തിരിച്ചടികൾ ഖത്തറിനെ കൂടുതൽ ജാഗ്രതയുള്ളവരാക്കി മാറ്റുന്നു.
ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളിൽ ഇറാനോടും പിന്നാലെ ഉസ്ബകിസ്താനോടും ശക്തമായ പോരാട്ടം കാഴ്ചവെച്ചാണ് കിർഗിസ്താൻ തോറ്റത്. കരുത്തർക്കെതിരെ പവർഗെയിം പുറത്തെടുത്തവരുടെ മനോവീര്യവും ഖത്തർ നേരിടണം. അൽ തുമാമ സ്റ്റേഡിയം വേദിയാകുന്ന മത്സരത്തിന്റെ ടിക്കറ്റ് വിൽപന നേരത്തേ ആരംഭിച്ചിരുന്നു.
അതേസമയം, നിർണായക മത്സരത്തിൽ ആരാധക പിന്തുണ പ്രധാനമാണെന്ന് ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജാസിം ബിൻ റാഷിദ് അൽബുഐനാൻ പറഞ്ഞു. ടീമിന്റെ ഒന്നാം നമ്പറുകാരായിത്തന്നെ ഗാലറി നിറക്കാൻ ആരാധകർ സ്റ്റേഡിയത്തിലെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യോഗ്യത റൗണ്ടിലെ ആദ്യ ജയം ഖത്തറിൽ നേടുകയാണ് ലക്ഷ്യമെന്ന് കോച്ച് കാർലോസ് മാർക്വേസ് പ്രീമാച്ച് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ‘‘മത്സരം കടുത്തതാണെന്ന് അറിയാം. എന്നാൽ, വിജയമാണ് ഞങ്ങളുടെ ലക്ഷ്യം.
ടീം അംഗങ്ങളെല്ലാം മത്സരത്തിന് സജ്ജമാണ്. സമ്മർദങ്ങളൊന്നുമില്ലാതെ കളിക്കുകയാണ് ലക്ഷ്യം. മികച്ച താരങ്ങളുമായി ടീം സജ്ജമാണ്. എല്ലാവരും നിർണായക വെല്ലുവിളി ഏറ്റെടുക്കാൻ തയാറായി’’ -കോച്ച് മാർക്വേസ് പറഞ്ഞു.
കഴിഞ്ഞ ഫലങ്ങളിൽനിന്ന് ടീം മുന്നേറിയതായും ഇനി വിജയിച്ച് മൂന്ന് പോയന്റാണ് ലക്ഷ്യമെന്നും ടീം അംഗം ജാസിം ജാബിർ പറഞ്ഞു. പ്രതിരോധ നിരയിൽ അബ്ദുൽ കരീം ഹസന്റെ തിരിച്ചുവരവ് ഖത്തറിന് കൂടുതൽ ആത്മവിശ്വാസം പകരുന്നതാണ്. ബൗലം ഖൗഖിയും കോച്ചിന്റെ 27 അംഗ സ്ക്വാഡിലുണ്ട്. ഒക്ടോബർ 15ന് ഇറാനെതിരെ എവേ ഗ്രൗണ്ടിലാണ് അന്നാബിയുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.