ലണ്ടൻ: മുൻനിരക്കാരെ വരിയിൽ നിർത്തി ഒരു നാൾ മുമ്പ് പ്രിമിയർ ലീഗിൽ ലെസ്റ്റർ പിടിച്ച ഒന്നാം സ്ഥാനം വീണ്ടെടുത്ത് മാഞ്ചസ്റ്റർ യുനൈറ്റഡും പോൾ പോഗ്ബയും. ആദ്യ മിനിറ്റുകളിൽ മുന്നിലെത്തിയ ഫുൾഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്നാണ് വീണ്ടും യുനൈറ്റഡ് ഒന്നാമന്മാരായത്.
ഓഫ്സൈഡ് കെണി പൊട്ടിച്ച് അഡിമോള ലൂക്മാൻ അഞ്ചാം മിനിറ്റിൽ ഫുൾഹാമിന് ലീഡ് നൽകി. പക്ഷേ, അതിവേഗം കളിയിലേക്ക് തിരിച്ചുവന്ന യുനൈറ്റഡ് 21ാം മിനിറ്റിൽ എഡിൻസൺ കവാനിയിലൂടെ ഒപ്പം പിടിച്ചു. 65ാം മിനിറ്റിൽ പോൾ പോഗ്ബ വിജയഗോളും നൽകി.
വിജയത്തോടെ യുനൈറ്റഡ് 40 പോയിന്‍റുമായി ഒന്നാം സ്ഥാനത്തേക്കു കയറി. നേരത്തെ അതേ സ്ഥാനത്തുണ്ടായിരുന്ന ലെസ്റ്ററും മാഞ്ചസ്റ്റർ സിറ്റിയും രണ്ടു പോയിന്‍റ് കുറഞ്ഞ് രണ്ടാമതുണ്ട്. ആസ്റ്റൺ വില്ലയെ ബുധനാഴ്ച 2-0ന് തകർത്തായിരുന്നു ലെസ്റ്റർ ഇടവേളക്കു ശേഷം ചാമ്പ്യൻ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകു നൽകിയത്.
പ്രിമിയർ ലീഗിൽ തുടർച്ചയായ 17 കളികൾ പരാജയമറിയാതെ മുന്നേറിയ യുനൈറ്റഡ് ഇത്തവണ കിരീട പ്രതീക്ഷയിലാണ്. എന്നാൽ, ഞായറാഴ്ച ലിവർപൂളിനെതിരെ നേടിയ സമനില ആശങ്കകളും നൽകുന്നുണ്ട്. ഫുൾഹാമിനെതിരെ ആദ്യ അഞ്ചുമിനിറ്റിൽ അശ്രദ്ധയുടെ പേരിൽ വഴങ്ങേണ്ടിവന്ന ഗോളും സോൾഷ്യർ സംഘത്തിന് പുനരാലോചന നൽകുന്നു. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ആറു പോയിന്‍റ് വ്യത്യാസത്തിൽ നാലാമതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.