യുവേഫ നേഷൻസ് ലീഗ്: രണ്ടടിച്ച് ഡിയോഗോ ദലോട്ട്; ചെക്കിനെതിരെ തകർപ്പൻ ജയവുമായി പോർചുഗൽ; സ്പെയിന് തോൽവി

യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ കരുത്തരായ പോർചുഗലിന് തകർപ്പൻ ജയം. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് മുൻ ചാമ്പ്യന്മാർ പരാജയപെടുത്തിയത്.

സിനോബോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പ്രതിരോധ താരം ഡിയോഗോ ദലോട്ടിന്‍റെ ഇരട്ടഗോളുകളാണ് ക്രിസ്റ്റ്യാനോക്കും സംഘത്തിനും മികച്ച വിജയം സമ്മാനിച്ചത്. ബ്രൂണോ ഫെർണാണ്ടസ്, ഡിയോഗോ ജോട്ട എന്നിവരും പോർചുഗലിനായി ഗോളുകൾ നേടി.

33ാം മിനിറ്റിൽ റാഫേൽ ലിയോയുടെ അസിസ്റ്റിലാണ് ഡിയോഗോയുടെ ആദ്യ ഗോൾ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബ്രൂണോ ഫെർണാണ്ടസ് ലീഡ് ഉയർത്തി. മരിയോ റൂയിയാണ് ഗോളിന് വഴിയൊരുക്കിയത്. 52-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസ്സിൽ ഡിയോഗോ വീണ്ടും വലകുലുക്കി.

മത്സരത്തിന്‍റെ 82ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ ഡിയോഗോ ജോട്ട പോർചുഗലിനായി നാലാം ഗോൾ നേടി. മത്സരത്തിൽ 56 ശതമാനവും പന്ത് കൈവശം വെച്ചത് പോർചുഗലായിരുന്നു. ജയത്തോടെ ലീഗ് എ ഗ്രൂപ് രണ്ടിൽ അഞ്ചു മത്സരങ്ങളിൽനിന്ന് മൂന്നു ജയവുമായി 10 പോയിന്‍റുള്ള പോർചുഗൽ ഒന്നാം സ്ഥാനത്തെത്തി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനോട് സ്വന്തം തട്ടകത്തിൽ സ്‌പെയിൻ തോറ്റു. 2-1നായിരുന്നു സ്വിസ് ജയം. 21ാം മിനിറ്റിൽ മാനുവൽ അകാൻജിയും 58ാം മിനിറ്റിൽ ബ്രീൽ എംബോളുമാണ് സ്വിറ്റ്സർലൻഡിനായി ഗോളുകൾ നേടിയത്. 55ാം മിനിറ്റിൽ ജോർഡി ആൽബയുടെ വകയായിരുന്നു സ്പെയിനിന്‍റെ ആശ്വാസ ഗോൾ.

 സീസണിൽ നാഷൻസ് ലീഗിൽ സ്പെയിനിന്റെ ആദ്യ തോൽവിയാണിത്. ഇതോടെ എ ഗ്രൂപ് രണ്ടിൽ സ്പെയിൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. അഞ്ചു കളികളിൽനിന്ന് രണ്ട് ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി ടീമിന് എട്ടു പോയിന്‍റാണുള്ളത്. ഈമാസം 28ന് നടക്കുന്ന സ്പെയിൻ-പോർചുഗൽ മത്സരം നിർണായകമാണ്.

Tags:    
News Summary - Portugal cruised to 4-0 Nations League victory against Czech Republic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.